ഭാഷ | റഷ്യൻ |
സംവിധാനം | Konstantin Buslov |
പരിഭാഷ | അനന്തു എ.ആർ, യു.എ ബക്കർ പട്ടാമ്പി, മനോജ് കുന്നത്ത് |
ജോണർ | ഹിസ്റ്ററി/ഡ്രാമ |
“മിഖായേൽ കലാഷ്നികോവ്” എന്നത് റഷ്യൻ ജനതക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു പേരാണ്. ഷെൽ ആക്രമണത്തിൽ പരിക്കേറ്റ് ഇനി ജോലിചെയ്യാൻ യോഗ്യനല്ലെന്ന് ഡോക്ടമാർ വിധിയെഴുതിയ ഒരു റഷ്യൻ സൈനികനായിരുന്നു കലാഷ്നികോവ്. തനിക്ക് പരിക്ക് പറ്റാനുള്ള കാരണത്തെ പറ്റിയായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള അന്വേഷണം. തന്റെ രാജ്യത്തിന്റെ കാവൽസേനയുടെ ആയുധങ്ങളുടെ ദുർബലതയെപ്പറ്റി മനസ്സിലാക്കിയ കലാഷ്നികോവ് പരിക്കേറ്റ് വിശ്രമത്തിനായി വീട്ടിലേക്കുള്ള ട്രെയിൻ യാത്ര പകുതിയിൽ അവസാനിപ്പിച്ച് പുതിയ വഴി തിരഞ്ഞെടുക്കുകയായിരുന്നു. ആ പ്രയാണം അവസാനിച്ചത്, ലോകത്തെ ഇളക്കി മറിച്ച നൂറ്റാണ്ടിന്റെ കണ്ടുപിടിത്തങ്ങളിൽ ഒന്നായ AK47 എന്ന ലൈറ്റ് മിഷൻ തോക്കിലാണ്. വലിയ വിദ്യാഭ്യാസമില്ലാത്ത പരിക്കേറ്റ ഒരു സൈനികൻ തന്റെ കണ്ടുപിടിത്തത്തിനായി നടത്തുന്ന ത്യാഗങ്ങളും കഷ്ടപ്പാടുകളും പ്രേക്ഷകരിലേക്ക് ആഴത്തിൽ പതിപ്പിക്കാൻ സംവിധായകനും കേന്ദകഥാപാത്രമായ കലാഷ്നികോവിനെ അവതരിപ്പിച്ച യൂരി ബോറിസോവിനും സാധിച്ചിട്ടുണ്ട്. റഷ്യക്കാർ എന്നെന്നും തങ്ങളുടെ യുദ്ധവീരന്മാരിൽ ഒരാളായി കണക്കാക്കുന്ന, ലോകരാജ്യങ്ങൾക്കു മുന്നിൽ റഷ്യയെ കൈപിടിച്ച് ഉയർത്തിയ കലാഷ്നികോവിനുള്ള ഒരു സമർപ്പണമെന്ന രീതിയിൽ ഈ സിനിമയെ വിനോദ നികുതിയിൽ നിന്നും റഷ്യൻ സർക്കാർ ഒഴിവാക്കിയിരുന്നു. തോക്ക് എന്നു കേൾക്കുമ്പോൾ നമ്മൾ മലയാളികൾക്കും ആദ്യം ഓർമ്മ വരുന്നത് AK47 എന്ന പേരായിരിക്കും. ആ സൃഷ്ടിയുടെ പിന്നിലുള്ള കഠിനാധ്വാനത്തെ പറ്റിയുള്ള ഈയൊരു പരിഭാഷ, ഈ വിഷു ദിനത്തിൽ മൂവി മിറർ ഞങ്ങളുടെ പ്രേക്ഷകർക്കായി സമർപ്പിക്കുന്നു.