5 സെന്റിമീറ്റേഴ്‌സ് പെർ സെക്കന്റ് ( 5 Centimeters per Second ) 2007

മൂവിമിറർ റിലീസ് - 108

പോസ്റ്റർ : അതുൽ പി വി
ഭാഷ ജാപ്പനീസ്
സംവിധാനം Makoto Shinkai
പരിഭാഷ അനന്തു A R & വിഷ്ണു C നായർ
ജോണർ ആനിമേഷൻ/റൊമാന്റിക്

7.5/10

എന്തോ, പ്രണയകാവ്യങ്ങൾ രചിക്കുന്നതിൽ, വളരെ ചുരുങ്ങിയ കഥാപശ്ചാത്തലത്തിൽ നിന്നുകൊണ്ട് അതിമനോഹരമായി അവ മറ്റുള്ളവർക്ക് ഭേദ്യമാകും വിധം, പ്രേക്ഷക സമൂഹത്തിൽ അനാവരണം ചെയ്യുന്നതിൽ, ഒരു പ്രേത്യേക കഴിവാണ് ജാപ്പനീസ് അനിമേഷൻ ചിത്രങ്ങൾക്ക്. കൊറിയൻ ചലച്ചിത്രങ്ങളിൽ പ്രണയത്തിന് നിറം പൂശുന്നത് ഏറിയ പങ്കും മഴയാണെങ്കിൽ, ഇവിടെ, വല്ലികൾ പൂവിടുന്ന വാസന്തവും ഇലകൊഴിയുന്ന ശിശിരവും കൂടെ, പെയ്തു തോരാത്ത മഴയും അകമ്പടി സേവിക്കുന്നുണ്ട്. ജീവിതത്തിനും സമയത്തിനും പ്രണയത്തിനുമിടയിൽ ചുറ്റിത്തിരിയുകയാണ് ചിത്രത്തിന്റെ ഇതിവൃത്തം. തകാക്കി എന്ന യുവാവിന്റെ ജീവിതം മൂന്ന് ഭാഗങ്ങളിലായി, മൂന്ന് ഋതുക്കളുടെ പ്രഭാവത്തിൽ ചാലിച്ചെഴുതിയ കാവ്യമാണ് 5 സെന്റിമീറ്റേർസ് പെർ സെക്കന്റ്. തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ആയാളിലേക്ക് വന്നുപോകുന്ന പ്രണയത്തിന്റെ ആഴവും പരപ്പും, ഒടുവിലവസാനം, പ്രിയപ്പെട്ടതെന്തോ എന്നെന്നേക്കുമായി നഷ്ടപ്പെട്ട തകാക്കിയുടെ മനസ്സും സംവിധായകൻ ഒപ്പിയെടുത്തിട്ടുണ്ട്. ചിത്രത്തിന്റെ പേരും കഥാതന്തുവും പരസ്പരം വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. ചെറിപ്പൂക്കളുടെ ഇതളുകൾ ഊർന്ന് വീഴുന്ന വേഗത, അതാണ് 5 സെന്റിമീറ്റേർസ് പെർ സെക്കന്റ് എന്ന് കഥാപാത്രങ്ങൾ തമ്മിൽ പറയുന്നുണ്ട്. വ്യക്തികളോടും ബന്ധങ്ങളോടും ചെറി മരത്തെയും അതിലെ പൂവിതളുകളെയും ആലങ്കാരികമായി സാമ്യപ്പെടുത്തിയിരിക്കുന്നു. തുടക്കത്തിൽ മരവും പൂവിതളും എന്നപോലെ നായികാനായകന്മാർ ഒരുമിച്ചാണെങ്കിലും, പിന്നീട് മരച്ചില്ലയിൽ നിന്ന് പൂവിതൾ പൊഴിയുന്നതുപോലെ, സമയവും ദൂരവും അവരെ തമ്മിൽ വേർതിരിക്കുന്നു. വെറും 65 മിനിറ്റ് മാത്രം ദൈർഖ്യമുള്ള ഈ അനിമേഷൻ ചലച്ചിത്രം കാണാൻ നിങ്ങൾ ചിലവാക്കുന്ന സമയം, അതിനുള്ള മൂല്യം തീർച്ചയായും ഈ ചിത്രത്തിനുണ്ട്. ജാപ്പനീസ് ഭാഷയിൽ അനിമേ ലോകത്ത് പിറവിയെടുത്ത മറ്റൊരു മനോഹര ചിത്രം ഇതാ നിങ്ങൾക്കായി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ