ഭാഷ | കന്നഡ |
സംവിധാനം | M. Bharath Raj |
പരിഭാഷ | സഫീർ അലി, ഡോ. ഓംനാഥ്, മനോജ് കുന്നത്ത്, വിഷ്ണു സി. നായർ |
ജോണർ | ആക്ഷൻ/ഡ്രാമ |
എം. ഭരത് രാജിന്റെ സംവിധാനത്തിൽ റിഷബ് ഷെട്ടി, പ്രമോദ് ഷെട്ടി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഹീറോ. ലോക്ക്ഡൗൺ കാലയളവിൽ ചിത്രീകരിച്ച ഈ ചിത്രം 2021 മാർച്ചിലാണ് റിലീസ് ചെയ്യുന്നത്. വളരെ പൊതുവായ ഒരു കഥാതന്തുവിനെ പ്രേക്ഷകരെ പ്രീതിപ്പെടുത്തുന്ന രീതിയിലേക്ക് മാറ്റിയെടുക്കാൻ നവാഗതസംവിധായകനായ ഭരത് രാജിന് കഴിഞ്ഞിട്ടുണ്ട്. സംവിധായകൻ ഈ ചിത്രത്തിന്റെ കഥാകൃത്തും കൂടിയാണ്. നായകനായ റിഷബ് ഷെട്ടി തന്നെയാണ് തന്റെ സ്വന്തം പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്. നായികയായി എത്തുന്ന ജാനവി ലക്ഷ്മണിന്റെ ആദ്യ ചിത്രമാണ് ഹീറോ. നായകനും പ്രതിനായകനും തമ്മിലുള്ള സ്ഥിരം തമ്മിൽ തല്ല് തന്നെയാണ് പ്രധാന സംഭവമെങ്കിലും അത് ചിത്രീകരിച്ചിരിക്കുന്ന രീതി ഒന്ന് വേറെയാണ്. സാധാരണമാസ്സ് ഡയലോഗുകൾ കൊണ്ട് ആറാട്ട് നടക്കേണ്ട സന്ദർഭങ്ങളിലൊക്കെ നർമ്മത്തിൽ ചാലിച്ച രസികൻ ചേഷ്ടകളും കുഞ്ഞു കുഞ്ഞു ഡയലോഗുകളും കൊണ്ട് കാഴ്ചക്കാരനിൽ ചിരി പടർത്താൻ ചിത്രത്തിനായിട്ടുണ്ട്.
തീർത്തും വ്യത്യസ്തമായ അവതരണ ശൈലി തന്നെയാണ് മുഖ്യ ആകർഷണമായി എടുത്തു പറയേണ്ടത്. പിന്നെ, പശ്ചാത്തലസംഗീതം, സംഗീതമാണ് ഈ ചിത്രത്തിന്റെ ആത്മാവ് എന്ന് തന്നെ പറയാം. ക്ലീഷേ ബീറ്റുകൾ അല്ലാതെ, വേറിട്ട, കാതിന് ഇമ്പവും രോമാഞ്ചവും നിറച്ച് അജനീഷ് ലോക്‌നാഥിന്റെ സംഗീതം മികച്ചു നിൽക്കുന്നു. പരിമിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ടാണെങ്കിൽ കൂടി മികവുറ്റ രീതിയിൽ തന്നെ എത്തിയ ചിത്രം നല്ല രീതിയിൽ പ്രേക്ഷകപ്രീതി നേടിയെടുത്തു.