സേവിങ് ലെനിൻഗ്രാഡ് (Saving Leningrad) 2019

മൂവിമിറർ റിലീസ് - 75

പോസ്റ്റർ : അതുൽ പി.വി
ഭാഷ റഷ്യൻ
സംവിധാനം Aleksey Kozlov
പരിഭാഷ അനന്തു എ.ആർ, വിഷ്ണു സി. നായർ
ജോണർ വാർ/ആക്ഷൻ/ഡ്രാമ

5.8/10

Aleksey Kozlov സംവിധാനം ചെയ്ത് 2019-ൽ ഇറങ്ങിയ റഷ്യൻ വാർ -ഡ്രാമ ചിത്രമാണ് സേവിങ് ലെനിൻഗ്രാഡ്. രണ്ടാംലോകമഹായുദ്ധം ആണ് കഥയുടെ പശ്ചാത്തലം. യുദ്ധം കൊടുമ്പിരി കൊണ്ട് നിൽക്കുന്ന കാലത്ത് റഷ്യൻ പട്ടണമായ ലെനിൻഗ്രാഡിനെ സംരക്ഷിക്കാനായി, റഷ്യൻ സൈന്യം നടത്തിയ നീക്കങ്ങളാണ് ചിത്രം പറയുന്നത്. നാസി പടയുടെ ആക്രമണം നേരിടാൻ തീരെ സജ്ജമല്ലാത്ത ലെനിൻഗ്രാഡ് ഏത് വിധേനയും ഒഴിപ്പിക്കാനും, അതുവഴി അവിടത്തെ ജനതയെ സംരക്ഷിക്കാനും റഷ്യൻ ഭരണകൂടം നിർബന്ധിതരാവുന്നു. എന്നാൽ അവരുടെ നേരായ മാർഗ്ഗങ്ങളെല്ലാം നാസികൾ കയ്യടക്കിയതിനാൽ, ചരക്ക് സാമാനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന, പഴകിയ ഒരു പത്തേമാരിയിൽ, നാസികൾ കയ്യടക്കാൻ ആകെ ബാക്കിയുള്ള ലഡോക തടാകം വഴി ലെനിൻഗ്രാഡിലെ ജനങ്ങളെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ പദ്ധതി തയ്യാറാക്കുന്നു. എന്നാൽ പലായനത്തിന് തയ്യാറെടുക്കുന്ന ജനങ്ങളിൽ പകുതി പേരെ പോലും ഉൾക്കൊള്ളാൻ കെൽപ്പില്ലാത്ത ആ പഴകിയ പത്തേമാരിയിൽ, കൊള്ളാവുന്നത്രയും ആൾക്കാരെ കയറ്റി പുറപ്പെടുന്ന റഷ്യൻ സേനയെ കാത്തിരുന്നത് സംഭവബഹുലമായ ഒരു രാത്രിയായിരുന്നു.

യുദ്ധവും അതിന്റെ ഭീകരതയും, ഓരോ വ്യക്തിക്കും യുദ്ധസമയത്ത് തന്റെ രാജ്യത്തിനായി എന്ത് ചെയ്യാനാവും എന്നതുമൊക്കെ വളരെ വ്യക്തമായി ലെനിൻഗ്രാഡ് വരച്ചുകാട്ടുന്നുണ്ട്. യുദ്ധചിത്രങ്ങൾ എടുക്കാൻ റഷ്യൻ ചലച്ചിത്ര പ്രതിഭകൾക്ക് ഒരു പ്രത്യേക കഴിവാണ്. ശബ്ദമിശ്രണത്തിലും തീർത്തും റിയലസ്റ്റിക് ആയ യുദ്ധ രംഗങ്ങളുടെ ചിത്രീകരണത്തിലും അവർ ആ കഴിവ് വീണ്ടും തെളിയിക്കുന്നുണ്ട്.

യുദ്ധം പ്രമേയമായി വരുന്ന ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ധൈര്യമായി കാണാവുന്ന ചിത്രം തന്നെയാണ് സേവിങ് ലെനിൻഗ്രാഡ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ