ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Eric Kripke |
പരിഭാഷ | അനന്തു A R, ജസീം ജാസി, കിരൺ എസ്, അനൂപ് പി സി, സുമന്ദ് മോഹൻ, ബിനോജ് ജോസഫ് & ജിനറ്റ് തോമസ് |
ജോണർ | സീരീസ്/മിസ്റ്ററി/ഹൊറർ/ഫാന്റസി/ത്രില്ലർ |
വെറും 5 സീസണിൽ അവസാനിക്കുന്ന സീരീസ് എന്ന തീരുമാനത്തോടെ ചിത്രീകരണം തുടങ്ങിയ ഒരു അമേരിക്കൻ സീരീസ്, സംപ്രേഷണം ആരംഭിച്ച ശേഷമുള്ള ജനപിന്തുണയെ തുടർന്ന് 327 എപ്പിസോഡുകൾ നിറഞ്ഞ 15 സീസണുകളായി 15 വർഷത്തെ പ്രയാണം ആരംഭിക്കുന്നു. അതാണ് Erik kripke സംവിധാനം ചെയ്ത സൂപ്പർനാച്ചുറൽ എന്ന ഹൊറർ/ഫാന്റസി സീരിസിന്റെ ചരിത്രം. ഓരോ നാട്ടിലും ഭൂത-പ്രേത-പിശാചുക്കളെപ്പറ്റി പല മിത്തുകളും ഉണ്ടാവും. പറഞ്ഞു വരുമ്പോൾ ദേശങ്ങൾ പലതാണെങ്കിലും പല സാമ്യങ്ങൾ നമുക്കീ കഥകളിൽ കാണാൻ സാധിക്കും. അത്തരം പല മിത്തുകളിലൂടെയാണ് സീരിസിന്റെ ഓരോ എപ്പിസോഡുകളും കടന്നു പോകുന്നത്. അമേരിക്കയിലെ വിഞ്ചസ്റ്റർ കുടുംബത്തിൽ അപ്രതീക്ഷിതമായി ഒരു അമാനുഷിക ശക്തിയുടെ ആക്രമണം ഉണ്ടാവുകയും വീട്ടമ്മയായ മേരി വിഞ്ചസ്റ്റർ കൊല്ലപ്പെടുകയും ചെയ്യുന്നു. അപകടത്തിൽ നിന്നും രക്ഷപ്പെട്ട ജോൺ വിഞ്ചസ്റ്ററും, മക്കൾ സാമും ഡീനും പിന്നീട് ദുഷ്ട ശക്തികളെ വേട്ടയാടുന്ന “ഹണ്ടർ”മാരായി മാറുന്നു. നിഗൂഢ സാഹചര്യത്തിൽ കാണാതാകുന്ന അച്ഛനെ തേടി സാമും, ഡീനും നടത്തുന്ന യാത്രകൾക്കിടയിൽ അവർ നേരിടുന്ന അസ്വാഭാവിക സാഹചര്യങ്ങളും അതിന്റെ കുരുക്കഴിക്കലുമാണ് നമുക്ക് ഓരോ എപ്പിസോഡുകളിലും കാണാനാവുക. അഞ്ച് സീസണുകളിൽ തീർക്കേണ്ട ഈ സീരീസ് 15 സീസണുകളിലേക്ക് ഗതിമാറാൻ പ്രധാന കാരണം സാം, ഡീൻ എന്നീ കഥാപാത്രങ്ങൾക്ക് ലഭിച്ച ജനപിന്തുണയാണ്.
ഒരു ലോങ് റൺ സീരീസ് ആണെങ്കിൽ കൂടിയും ഓരോ എപ്പിസോഡുകളിലും ഓരോ കഥകൾ എന്ന പ്രത്യേകതയ്ക്കൊപ്പം ഒരു ബ്രഹ്മാണ്ഡ പ്ലോട്ടും കൈകാര്യം ചെയ്യുന്നത് ഏതൊരു സിനിമ/സീരീസ് പ്രേമിയേയെയും ഇതിലേക്ക് ആകർഷിക്കും. 327 എപ്പിസോഡുകളിലൂടെ ഈ സീരീസ് കൈകാര്യം ചെയ്യാത്ത ഒരു ജോണറുകളും ബാക്കിയില്ല എന്ന് നിസംശയം പറയാം.