ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Cameron Crowe |
പരിഭാഷ | സൗപർണിക വിഷ്ണു |
ജോണർ | കോമഡി/ഫാമിലി/ഡ്രാമ |
വളരെ സന്തോഷകരമായി മുന്നോട്ട് പോയിരുന്ന ബെഞ്ചമിന്റെ കുടുംബജീവിതത്തിൽ,അയാളുടെ ഭാര്യയുടെ മരണം അപ്രതീക്ഷിതമായ ഒരടിയായിരുന്നു. അതുവരെ സ്വതന്ത്രനായി നടന്നിരുന്ന അയാൾ, തന്റെ രണ്ട് കുട്ടികളെ നോക്കുന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് ഒതുങ്ങിക്കൂടുന്നു. തന്റെ പ്രിയപ്പെട്ടവളുടെ ഓർമ്മകൾ നിറഞ്ഞ് നിൽക്കുന്ന ആ സ്ഥലം വിട്ട് മറ്റൊരിടത്തേക്ക് പോകാൻ അയാൾ തീരുമാനിക്കുന്നു. പുതിയൊരു തുടക്കം തേടി അയാൾ ചെന്നെത്തുന്നത് ഒരു മൃഗശാലയിലാണ്. അവിടെ നിന്ന് കഥ തുടങ്ങുന്നു. 2011-ൽ Cameron Crowe സംവിധാനം ചെയ്ത്, Matt Damon, Scarlet Johansson, Thomas Haden Church എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് We Bought a Zoo. Matt Damon അവതരിപ്പിച്ച ബെഞ്ചമിൻ മീ എന്ന കേന്ദ്ര കഥാപാത്രം, അമ്മ നഷ്ടപ്പെട്ട ഒരു കുടുംബത്തെ മുന്നോട്ട് നയിക്കുന്നൊരാളുടെ മനോവികാരങ്ങൾ സമർത്ഥമായി അവതരിപ്പിക്കുന്നുണ്ട്. Scarlett Johansson ന്റെ കെല്ലി ഫോസ്റ്റർ, ഒരേ സമയം വശ്യതയുളവാക്കുന്നതും എന്നാൽ സങ്കീർണവുമായ വ്യക്തിത്വത്തിന് ഉടമയാണ്. ഇതിനെല്ലാം പുറമെ എടുത്ത് പറയേണ്ട ഒന്നാണ്, കുഞ്ഞ് റോസ്സിയുടെ നിഷ്കളങ്കമായ ചിരി, ആ ചിരി കണ്ട് ബെഞ്ചമിൻ നഷ്ടപ്പെട്ടതെന്തോ തിരികെ നേടിയവനെപ്പോലെ ഇരുന്നു പോകുന്നൊരു രംഗം, കാണേണ്ടത് തന്നെയാണ്. ഈ ചിത്രത്തിലെ കഥയും കഥാപാത്രങ്ങളും സങ്കല്പികമല്ല എന്നതാണ് മറ്റൊരു സവിശേഷത. യഥാർത്ഥ ബെഞ്ചമിൻ മീ തന്നെയാണ് ഈ ചിത്രത്തിന്റെ കഥാകൃത്തായി അറിയപ്പെടുന്നതും. 2012-ലെ BMI Film Music Award നേടിയതിന് പുറമെ, മികച്ച സംവിധായകൻ, മികച്ച കുടുംബ ചിത്രം തുടങ്ങി 8 പുരസ്‌കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.
ശുഭപര്യവസായിയായ കുടുംബ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ, ജീവിതാനുഭവങ്ങളെ അഭ്രപാളിയിൽ ചാലിച്ച ഈ സുന്ദരാനുഭൂതി വേണ്ടെന്ന് വയ്ക്കരുത്. ക്രിസ്തുമസ് ദിനത്തിൽ മൂവി മിററിൽ നിന്നും നിങ്ങൾക്കുള്ള ആദ്യത്തെ സമ്മാനം ഇതാ.
ഏവർക്കും മൂവി മിററിന്റെ ക്രിസ്തുമസ് ആശംസകൾ.