ഭാഷ | തമിഴ് |
സംവിധാനം | Kamal Haasan |
പരിഭാഷ | ബാലു സഹദേവൻ |
ജോണർ | ഡ്രാമ/ത്രില്ലെർ |
അകിര കുറസോവയുടെ റാഷമോൺ എന്ന വിഖ്യാത ചിത്രത്തെപ്പറ്റി അറിയാത്ത സിനിമാ ആസ്വാദകർ വളരെ വിരളമായിരിക്കും. അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കമൽഹാസന്റെ തിരക്കഥയിൽ, അദ്ദേഹം തന്നെ നിർമ്മിച്ച് സംവിധാനം ചെയ്ത് 2004ൽ പുറത്തിറങ്ങിയ ചിത്രമാണ് വിരുമാണ്ടി. 24പേരുടെ മരണത്തിന് ഇടയാക്കിയ ഒരു സംഭവം രണ്ടുപേരുടെ കാഴ്ചപ്പാടിൽ പറഞ്ഞുപോകുന്ന അവതരണരീതിയാണ് ചിത്രത്തിന്റെ പ്രത്യേകത. 1954ൽ പുറത്തിറങ്ങിയ ശിവാജി ഗണേശൻ ചിത്രമായ “അന്ത നാൾ” എന്ന മിസ്റ്ററി ത്രില്ലറിനു ശേഷം, തമിഴകം കണ്ട ഏറ്റവും മികച്ച റാഷമോൺ ഇഫക്ട് തിരക്കഥയുള്ള ചിത്രം കൂടിയാണ് വിരുമാണ്ടി. ആദ്യ പകുതിയിൽ വിരുമാണ്ടിയെ ഒരു വില്ലനാക്കിയും രണ്ടാം പകുതിയിൽ നായകനാക്കിയും മാറ്റുന്ന അസാധ്യമായ എഴുത്തും അഭിനയവും അതുപോലെ തന്നെ ആവിഷ്കരണവും ഈ സിനിമയെ ചലച്ചിത്ര ലോകത്തിൽ ഒരു പാഠപുസ്തകമാക്കി മാറ്റുന്നുണ്ട്. 2019ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം “കൈതി”യിലെ ദില്ലിയെന്ന നായക കഥാപാത്രത്തിന്റെ മാനറിസങ്ങൾ വിരുമാണ്ടിയിലെ കമൽഹാസനിൽ നിന്നുമാണ് സംവിധായകന് പ്രചോദനമായത്. കലാമൂല്യമുള്ള സിനിമ എന്നതിനൊപ്പം ബോക്സ് ഓഫീസ് ഹിറ്റും കൂടിയായിരുന്നു വിരുമാണ്ടി.