ഭാഷ | ഹിന്ദി |
സംവിധാനം | Anurag Basu |
പരിഭാഷ | ഉനൈസ് ചെലൂർ, യു. എ. ബക്കർ പട്ടാമ്പി, നെവിൻ ബാബു, വിഷ്ണു സി. നായർ, കെവിൻ ബാബു, അനന്തു എ. ആർ |
ജോണർ | ആക്ഷൻ/കോമഡി |
കൊറോണക്കാലത്തെ തീയേറ്റർ റിലീസുകൾ ഇല്ലാതായ സാഹചര്യത്തിൽ OTT പ്ലാറ്റ്ഫോം വഴി അടുത്തിടെ ഇറങ്ങിയ മികച്ചയൊരു ആക്ഷൻ /കോമഡി ചിത്രമാണ് Anurag Basu സംവിധാനം ചെയ്ത ലുഡോ. ഹിന്ദി സിനിമ ലോകത്തെ മികച്ച താരങ്ങളെ അണിനിരത്തിയാണ് സംവിധായകൻ ഈ ചിത്രമൊരുക്കിയിരിക്കുന്നത്. പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചൻ, രാജ്‌കുമാർ റാവു, ഫാത്തിമ സന ഷെയ്ഖ്, ആദിത്യ റോയ് കപൂർ, സന്യാ മൽഹോത്ര, ശാലിനി വത്സ, രോഹിത് സരഫ് എന്നിവർക്കൊപ്പം മലയാളി താരമായ പേർളി മാനിയും ചേർന്നാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് നമുക്കിടയിൽ ഹരമായി മാറിയ ലുഡോ ഗെയിമിനോട് മനുഷ്യരുടെ ജീവിതത്തെ താരതമ്യപ്പെടുത്തി, രണ്ടുപേർ ലുഡോ കളിച്ചുകൊണ്ട്, ഓരോ സംഭവങ്ങൾ വിലയിരുത്തുന്ന രീതിയിലാണ് കഥ മുന്നോട്ട് പോകുന്നത്.
ഒരു നഗരത്തിന്റെ പല കോണിലുള്ള നാല് പേരുടെ ജീവിതം അവരറിയാതെ തന്നെ പരസ്പരം ബന്ധപ്പെട്ട് വരുന്നതാണ് കഥ. കാഴ്ചക്കാരന്റെ ചുണ്ടിൽ കേട്ടപാതി താനേ കയറിക്കൂടുന്ന ഒരു പശ്ചാത്തലസംഗീതം ചിത്രത്തിന്റെ ഏറ്റവും മികച്ച ആകർഷണങ്ങളിൽ ഒന്നാണ്. എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ച പ്രകടനം കാഴ്ചവച്ച, മികച്ചൊരു മുഴുനീള കോമഡി /ആക്ഷൻ ചിത്രമാണ് ലുഡോ.