ഭാഷ | ഫ്രഞ്ച് |
സംവിധാനം | ജെറോമി സല്ലേ |
പരിഭാഷ | യു എ ബക്കർ പട്ടാമ്പി |
ജോണർ | ആക്ഷൻ/ത്രില്ലെർ |
ജെറോമി സല്ലേയുടെ സംവിധാനത്തിൽ 2008 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ആക്ഷൻ ത്രില്ലറാണ് ലാർഗോ വിഞ്ച്. പോയിന്റ് ബ്ലാങ്ക്, സ്ലീപ്‌ലെസ് നൈറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ആക്ഷൻ പ്രേമികളുടെ പ്രിയ താരമായി മാറിയ ടോമർ സിസ്‌ലിയാണ് ഈ ചിത്രത്തിലെയും നായക വേഷം ചെയ്യുന്നത്. 2008 ലെ ഏറ്റവും വലിയ പണം വാരി ചിത്രമായ ഇതിന്റെ ഗംഭീര വിജയം ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുവാൻ അണിയറക്കാരെ പ്രേരിപ്പിച്ചു. ബർമ കോൺസ്പിരസി എന്ന പേരിലായിരുന്നു രണ്ടാം ഭാഗം പുറത്തിറങ്ങിയത്.
ലോകത്തിലെ തന്നെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നാണ് വിഞ്ച് ഇന്റർനാഷണൽ. ഉടമസ്ഥനായ നെരിയോ വിഞ്ചിന്റെ ആകസ്മികമായ മരണം ഗ്രൂപ്പിനെ പ്രതിസന്ധിയിലാക്കുന്നു. ഗ്രൂപ്പിന്റെ ഭാവിയെ കുറിച്ചൊരു തീരുമാനവുമെടുക്കാനാണ് ഡയറക്റ്റർ ബോർഡ് അംഗങ്ങൾ അന്ന് മീറ്റിങ് കൂടിയത്. അവിടെവെച്ചാണ് നെരിയോയുടെ പേഴ്സണൽ സെക്രട്ടറിയായ അന്ന ഫെർഗൂസൻ നെരിയോക്കൊരു മകനുണ്ടെന്നും, അവനായിരിക്കും ഈ കമ്പനിയുടെ അവകാശി എന്നും അവർക്ക് മുമ്പിൽ പ്രഖ്യാപിക്കുന്നു.
നേരിയോയുടെ മരണം അവസരമാക്കി കമ്പനിയെ ഒന്നാകെ വിഴുങ്ങാൻ കാത്തു നിൽക്കുന്ന ഭീമൻ കോർപറേറ്റുകൾ ഒരു വശത്ത്, ഈ മരണം അവസരമാക്കി സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന ശത്രുക്കൾ എന്നോ മിത്രങ്ങൾ എന്നോ പറയാനാകാത്ത വേണ്ടപ്പെട്ടവർ, ഗ്രൂപ്പിന് അകത്തുതന്നെ നടക്കുന്ന അധികാര വടംവലികൾ. ഇവർക്കിടയിലേക്ക് വരുന്ന ആ അനന്തരാവകാശി തന്റെ അച്ഛൻ തനിക്കായി ഒരുക്കിവെച്ച ബിസിനസ് സാമ്രാജ്യം എങ്ങനെ ഏറ്റെടുക്കുന്നു എന്നതാണ് ചിത്രം നമ്മോട് പറയുന്നത്.
ഫൈറ്റും, കാർ ചേസിങും, ഗ്ലാമറും ഒക്കെയായി ആക്ഷൻ പ്രേമികൾക്ക് എന്നും മികച്ച വിരുന്നൊരുക്കുന്നവയാണ് ഫ്രഞ്ച് സിനിമകൾ. അക്കൂട്ടത്തിലെ ഒന്നാമനെന്ന് പറയാം ഈ ചിത്രത്തെ. മികച്ച ബി.ജി.എമ്മും, ഫോട്ടോഗ്രാഫിയും, ആക്ഷൻ രംഗങ്ങളും, ഗ്ലാമർ രംഗങ്ങളുമായി നല്ലൊരു ത്രില്ലിംഗ് വിരുന്നാണ് ചിത്രം നമുക്കായി ഒരുക്കിയിരിക്കുന്നത്.