ഭാഷ | കന്നഡ |
സംവിധാനം | Bharath Raj |
പരിഭാഷ | സഫീർ അലി |
ജോണർ | കോമഡി/ത്രില്ലർ |
ഒരു പോലീസ് സ്റ്റേഷനുള്ളിൽ നടക്കുന്ന രസകരമായ ചില സംഭവങ്ങളും, ഒപ്പം ചില ത്രില്ലിംഗ് മൊമെന്റ്‌സും കോർത്തിണക്കി റിഷബ് ഷെട്ടിയുടെ നിർമ്മാണത്തിൽ ഭരത് രാജ് സംവിധാനം ചെയ്ത കന്നഡ ചലച്ചിത്രമാണ് ലാഫിങ് ബുദ്ധ. നമ്മുടെ കഥാനായകൻ ഒരു പോലീസുകാരനാണ്. തന്റെ ആരോഗ്യത്തിൽ ഒട്ടും ശ്രദ്ധിക്കാത്ത തീറ്റപ്രാന്തനും തടിയനുമായ നമ്മുടെ ഗോവർധനന് അസാധ്യമായ ഒരു കഴിവുണ്ട്. ഏത് കേസും, സംശയിക്കപ്പെടുന്ന പ്രതിയെ സ്നേഹംകൊണ്ട് കീഴ്‌പ്പെടുത്തി തെളിയിക്കും. അതിനിടയിൽ 3 മാസം കൊണ്ട് തന്റെ തടി കുറച്ചില്ലേൽ ജോലി നഷ്ട്ടപ്പെടുമെന്ന സാഹചര്യത്തിൽ ഗോവർധൻ എത്തിപ്പെടുന്നു. തടി കുറയ്ക്കാനായി ഗോവർധൻ ലീവിലേക്ക് പ്രവേശിക്കുന്ന സമയത്ത്, നാട്ടിലെ MLA യുടെ വീട്ടിൽ വ്യാജസിദ്ധനായി വേഷം കെട്ടി തട്ടിപ്പ് നടത്തിയ ഒരു കുറ്റവാളി പിടിക്കപ്പെടുന്നു. തട്ടിപ്പിന് പിന്നിലെ സംശയങ്ങൾ കണ്ടെത്താൻ അവധിക്കിടയിൽ നിന്ന് ഗോവർധനെ വിളിച്ചു വരുത്തുന്നു. ഓർമ്മ നഷ്ടപ്പെട്ട കുറ്റവാളിയിൽ നിന്നും കവർച്ച മുതലിനെപ്പറ്റിയുള്ള രഹസ്യങ്ങൾ ചോർത്തി , തടി കുറക്കാതെ തന്നെ തിരികെ ജോലിയിൽ കയറാൻ പെടാപ്പാട് പെടുന്ന ഗോവർധന്റെ ശ്രമങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ആദ്യപകുതി തീർത്തും ഹ്യുമറസായി മുന്നോട്ട് പോകുന്ന ചിത്രം, രണ്ടാം പകുതിയിൽ ചെറിയൊരു ത്രില്ലർ ആയി മാറുന്നുണ്ട്. ക്ലൈമാക്സിൽ നല്ലൊരു സസ്‌പെൻസും ചിത്രം സമ്മാനിക്കുന്നുണ്ട്.