റൺ (Run) 2020

മൂവിമിറർ റിലീസ് - 43

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Aneesh Chaganty
പരിഭാഷ യുഎ ബക്കർ പട്ടാമ്പി, അനന്തു എ ആർ, ശ്രീജിത്ത് ബോയ്‌ക, കെവിൻ ബാബു, നെവിൻ ബാബു, വിഷ്ണു സി. നായർ
ജോണർ മിസ്റ്ററി/ത്രില്ലെർ

6.7/10

ഇന്ത്യൻ വംശജനായ അമേരിക്കൻ സംവിധായകൻ Aneesh Chaganty സംവിധാനം ചെയ്ത് ഇക്കൊല്ലം പുറത്തിറങ്ങിയ ചിത്രമാണ് റൺ. ഇദ്ദേഹത്തിന്റെ ആദ്യ ചിത്രമായ Searching വളരെ മികച്ച പ്രേക്ഷകപ്രശംസ നേടിയിരുന്നു. ത്രില്ലർ ഗണത്തിൽ തന്നെയാണ് ആദ്യത്തെ ചിത്രവും Aneesh Changaty ഒരുക്കിയത്.
17 വയസ്സുകാരിയായ, പലവിധ രോഗങ്ങളും പ്രധാനമായും അരയ്ക്ക് താഴേക്ക് തളർച്ചയും ബാധിച്ചൊരു മകളും അമ്മയും ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. മകൾക്ക് തന്റെ അമ്മ എന്തോ കാര്യമായ രഹസ്യം സൂക്ഷിക്കുന്നുണ്ടെന്ന് ഒരു ചിന്ത വരുന്നിടത്താണ് സംഭവവികാസങ്ങളുടെ ആരംഭം. മകളായ ക്ലോയി ജനിച്ചിട്ടിതുവരെ പുറം ലോകം കണ്ടിട്ടില്ല. അവളുടെ വിദ്യാഭ്യാസവും ആഘോഷവും എല്ലാം ആ ഒറ്റപ്പെട്ട വീട്ടിൽ അവളുടെ അമ്മയ്‌ക്കൊപ്പം ആയിരുന്നു. എന്തിനേറെ പറയുന്നു, ജനിച്ചിട്ടിന്നേവരെ ഒരു ഫോണോ കമ്പ്യൂട്ടറോ ഇന്റർനെറ്റോ ഒന്നും അവൾ ഉപയോഗിച്ചിട്ടു പോലുമില്ല. പയ്യെപ്പയ്യെ പുറം ലോകത്തെ അറിയാൻ തുടങ്ങുന്ന ക്ലോയിക്ക് അവളുടെയും അമ്മയുടെയും പാഴടഞ്ഞ ആ പഴയ വീട്ടിലെ ഏകാന്ത വാസത്തിൽ സംശയങ്ങളുണ്ടാക്കുന്നു. അവൾ വീട്ടിൽ നിന്നും അകലെയുള്ള വാഷിങ്ടൺ സർവ്വകലാശലയിലേക്ക് അവളുടെ വീടും, വിജനമായ ആ ടൗണും അമ്മയെയും ഒക്കെ വിട്ട് പഠനത്തിനായി പോകുന്നത് സ്വപ്നം കാണുന്നുണ്ട്. കഥയുടെ ആരംഭത്തിൽ തന്നെ അതിന്റെ ഒഴുക്ക് എങ്ങോട്ടാണെന്ന് പ്രേക്ഷകന് ഒരേകദേശ രൂപം ലഭിക്കുന്നുവെങ്കിലും ഒഴുക്കിനിടയിൽ വരുന്ന ഗതിവിഗതികൾ ചിന്താതീതമാണ്. അത് കാഴ്ചക്കാരനെ പിടിച്ചിരുത്താൻ തക്കവണ്ണം സംവിധായകൻ ഒരുക്കിയിട്ടുണ്ട്. പുറമെ ശാന്തവും എന്നാൽ ഉള്ളിൽ തിളച്ചുമറിയുന്നതുമായ വട്ടു പിടിപ്പിക്കുന്ന കഥാപാത്രങ്ങൾ വർഷങ്ങളായി അഭിനയിച്ചു ഭലിപ്പിക്കുന്ന പ്രതിഭയാണ് ഡയാൻ ഷെർമനെ അവതരിപ്പിച്ച Sarah Paulson. അത്തരത്തിലൊരു പ്രകടനം ഇവിടെയും കാണാം. ക്ലോയി ഷെർമനെ അവതരിപ്പിച്ച Keira Allen ആദ്യമായാണ് അഭ്രാപാളിയിൽ മുഖം കാണിക്കുന്നത് എന്നത്, ചിത്രത്തിലെ പ്രകടനം വച്ചു നോക്കിയാൽ തീർത്തും അവിശ്വസനീയം മാത്രം. ത്രില്ലർ, മിസ്റ്ററി ഗണത്തിൽ നല്ലൊരു ദൃശ്യാനുഭവം ആഗ്രഹിക്കുന്നവർ കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് റൺ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ