ഭാഷ | കംബോഡിയൻ |
സംവിധാനം | റിധി പൻ |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ഡ്രാമ |
1966 ൽ പുറത്തിറങ്ങിയ “No Harvest but a Thorn” എന്ന നോവലിനെ ആസ്പദമാക്കി 1994ൽ റിതി പാനിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കംബോഡിയൻ ചിത്രമാണ് “റൈസ് പീപ്പിൾ”. നിലനിൽപ്പിനായി പ്രകൃതിയോട് മല്ലടിക്കുന്ന നിരക്ഷരരും നിരാലംബരുമായ ഒരു ജനതയുടെ ജീവിതത്തിന്റെ നേർക്കാഴ്ച.
യോങ് പോയൂവിന്റെ കുടുംബം, ഭാര്യ യിം ഓമും ഏഴു പെൺമക്കളുമടങ്ങുന്നതാണ്. വയലിൽ കഠിനാദ്ധ്വാനം ചെയ്തും മീൻ പിടിച്ചുമാണ് നിത്യവൃത്തി നടത്തുന്നത്. ആകെയുള്ള സമ്പാദ്യം കൃഷി ചെയ്യുന്ന പതിനാല് പ്ലോട്ടുകളാണ്. രണ്ടു പ്ലോട്ടുകൾ വീതം ഏഴു പേർക്കായി വീതിച്ചു കൊടുക്കാമെന്ന് ചിന്തിക്കുമ്പോഴും രണ്ടു പേരെയെങ്കിലും നഗരത്തിൽ വിട്ട് പഠിപ്പിച്ച് ജോലി സമ്പാദിച്ചാൽ ആ പങ്ക് മറ്റുള്ളവർക്ക് വീതിച്ചു കൊടുക്കാം എന്നൊരു വിദൂരമായ സ്വപനം കൂടി യിം ഓമിനുണ്ട്. പോയൂവും ഓമും വയലിൽ കഠിന പ്രയത്നം ചെയ്തിട്ടും ജീവിത ചെലവിന് തന്നെ തികയുന്നില്ല. ഒരു ദിവസം വയലിൽ വച്ച് വിഷമുള്ള് തറച്ചു കയറി പോയൂവ് രോഗശയ്യയിലാവുന്നു. പോയൂവ് തന്നെ പറയുന്നതു പോലെ അവൻ ‘വേരറ്റ് വെള്ളത്തിലൊഴുകുന്ന ആശ്രയമില്ലാത്ത പാഴ്ച്ചെടിയായി’. ദൂരെയുള്ള നഗരത്തിൽ പോയി ചികിത്സിക്കാൻ നിവൃത്തിയില്ലായിരുന്ന കുടുംബം അതിനു വിലയായി പോയൂവിനെ തന്നെ സമർപ്പിക്കാൻ നിർബന്ധിതരാവുന്നു. പിന്നീട് ഏഴു പെൺമക്കളോടൊത്ത് യിം ഓമിന്റെ ജീവിതസമരം പ്രേക്ഷക ഹൃദയത്തെ ആർദ്രമാക്കും.
നമ്മുടെ മുന്നിലെത്തുന്ന ചോറിന്റെ പിന്നിലുള്ള കർഷകന്റെ വിയർപ്പും കണ്ണീരും അനുഭവേദ്യമാക്കുന്ന ഈ കൊച്ചു ചിത്രം വയലേലകളുടെ മനോഹര ദൃശ്യങ്ങളാൽ സമ്പന്നമാണ്.
കാൻ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം, കംബോഡിയയിൽ നിന്നും ഓസ്കാർ നാമനിർദ്ദേശം ലഭിച്ച പ്രഥമ ചിത്രം കൂടിയാണ്. കംബോഡിയൻ സിനിമ ചരിത്രത്തിലെ ഈ ക്ലാസ്സിക് ചിത്രത്തെ മൂവിമിറർ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു.