ഭാഷ | ഡാനിഷ് |
സംവിധാനം | Henrik Björn |
പരിഭാഷ | ജസീം ജാസി , അനന്തു എ ആർ & അനൂപ് പി സി |
ജോണർ | ക്രൈം/ത്രില്ലർ |
ഏഴ് വർഷങ്ങൾക്ക് മുന്നേ, വനത്തിന് നടുവിലെ നദിക്കരയിൽ വച്ച് അപ്രത്യക്ഷയായ തന്റെ മകൾക്ക് വേണ്ടി ഇന്നും അന്വേഷണങ്ങളിലാണ് പോലീസ് ഡിറ്റക്റ്റീവ് ഇവാ തോൺബ്ലാഡ്. തന്റെ അച്ഛൻ മരണപ്പെട്ടത് കാരണം, ജന്മനാടായ സിൽവർഹുഡിലേക്ക് മടങ്ങിവരികയാണ് ഇവാ. അവളുടെ മടങ്ങി വരവിന് മറ്റൊരു ഉദ്ദേശം കൂടെയുണ്ട്. തന്റെ മകൾ അപ്രത്യക്ഷമായതിന് സമാനമായ സാഹചര്യങ്ങളിൽ മറ്റൊരു കുട്ടിയെ കൂടെ അവിടെ കാണാതായിരിക്കുന്നു. ഈ രണ്ട് തിരോധാനങ്ങൾക്കും പിന്നിൽ ഒരാളാണെന്ന് ഇവാ സംശയിക്കുന്നു. സിൽവർഹുഡ് പോലീസുമായി സഹകരിച്ച് തുടർന്നുള്ള അന്വേഷണങ്ങൾ പുരോഗമിക്കവേ, ആ പ്രദേശത്ത് തുടർക്കൊലപാതകങ്ങൾ അരങ്ങേറുന്നു! അതവരുടെ കേസിനേയും അന്വേഷണങ്ങളെയും കൂടുതൽ സങ്കീർണ്ണമായ വഴികളിലേക്ക് തിരിച്ചു വിടുകയാണ്.
കൊടും കാടിനാൽ ചുറ്റപ്പെട്ട ആ പട്ടണത്തിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്? കുട്ടികൾ എങ്ങോട്ടാണ് അപ്രത്യക്ഷരായത്?ആരാണ് തുടർക്കൊലപാതകങ്ങൾ ചെയ്യുന്ന കൊലയാളി? ഈ സംഭവങ്ങളെല്ലാം തമ്മിലുള്ള ബന്ധമെന്ത്?
ഉദ്വേഗഭരിതമായ കഥാസന്ദർഭങ്ങളിലൂടെയും, ആകാംക്ഷ നിറയ്ക്കുന്ന നിമിഷങ്ങളിലൂടെയും, അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെയും പ്രേക്ഷകനെ പതിയെ കൊണ്ടുപോയി.. രഹസ്യങ്ങൾ ഓരോന്നായി ചുരുളഴിച്ച്.. ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങൾ നൽകുകയാണ് ‘യൂഡ്സ്ക്കോട്ട്’ എന്ന സ്വീഡിഷ് പരമ്പര.
10 എപ്പിസോഡുകളുള്ള ഈ പരമ്പരയുടെ ആദ്യ സീസൺ 2015 ലാണ് പുറത്തിറങ്ങുന്നത്. ആദ്യ സീസണിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ച വൻ സ്വീകാര്യത കാരണം, 8 എപ്പിസോഡുകളുള്ള ഒരു സെക്കന്റ് സീസൺ കൂടെ പരമ്പര പുറത്തിറക്കി.
ഡാർക്ക് സെറ്റിംഗ്സ്, സ്ലോ ബിൽഡിങ് പ്ലോട്ട്, അറ്റ്മോസ്ഫിയർ.. തുടങ്ങി നോർഡിക് നോയർ ത്രില്ലറുകളുടെ എല്ലാ സൗന്ദര്യവും ഒത്തിണങ്ങിയ, മികച്ചൊരു പരമ്പരയാണ് യൂഡ്സ്ക്കോട്ട്. ഇത്തരം മിസ്റ്ററി ത്രില്ലറുകളുടെ സ്ഥിരം ഘടനകളിൽ നിന്നും, കഥാപരമായ സാമ്യതകളിൽ നിന്നും വ്യത്യസ്മാണീ സീരിസ്. കാടിന്റെ വശ്യതയും, മനോഹാരിതയും, ഭയപ്പെടുത്തുന്ന വന്യതയും അതിന്റെ പൂർണ്ണതയിൽ അനുഭവിപ്പിക്കുന്ന അതിഗംഭീരമായ സിനിമോട്ടോഗ്രാഫിയും, മികച്ച പശ്ചാത്തല സംഗീതവും, ആഴവും വ്യക്തിത്വമുള്ള കഥാപാത്രങ്ങളും, അഭിനേതാക്കളുടെ പ്രകടനങ്ങളും.. എല്ലാം ചേർന്ന് ഒരു മികച്ച അനുഭവമായിരിക്കും ഈ പരമ്പര നിങ്ങൾക്ക് നൽകുക.