ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Steven Spielberg |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ഹിസ്റ്ററി/ത്രില്ലെർ |
ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ശത്രുത കൈവെടിയുന്ന സാഹോദര്യത്തിൻ്റെ വേദിയാണ് ഒളിമ്പിക്സ്. എന്നാൽ ”ശാന്തതയുടെ ഒളിമ്പിക്സ് ” എന്ന പേരിൽ അറിയപ്പെട്ട 1972 ൽ ജർമ്മനിയിലെ മ്യൂണിക്കിൽ വച്ച് നടന്ന ഒളിമ്പിക്സിൽ, ഇസ്രായേൽ – പാലസ്തീൻ കുടിപ്പകയുടെ പേരിൽ പാലസ്തീനികളോടൊപ്പം പ്രവർത്തിക്കുന്ന ബ്ലാക്ക് സെപ്തംബർ എന്ന അറബ് ഭീകരസംഘടന ഇസ്രായേൽ ടീമംഗങ്ങൾ താമസിക്കുന്ന കെട്ടിടത്തിൽ കടന്നു കയറി ചോരക്കളം തീർത്തത് ലോകജനതയെ ഒന്നാകെ നടുക്കിയ സംഭവമാണ്.
തങ്ങൾക്കേറ്റ നഷ്ടത്തിനും അഭിമാനക്ഷതത്തിനും പകരം വീട്ടാനായി ഇസ്രായേലി ഭരണകൂടം തീരുമാനമെടുക്കുന്നു. പ്രധാനമന്ത്രി ഗോൾഡാ മേയറുടെ സാന്നിദ്ധ്യത്തിൽ, മ്യൂണിക്ക് കൂട്ടക്കുരുതിയുടെ സൂത്രധാരകരായ 11 പേരെ വധിക്കാനായി ആവ്നർ കോഫ്മാൻ എന്ന മൊസാദ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ വിവിധ തുറകളിൽ നിന്നുള്ള 4 ഇസ്രായേലി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നു.
ആവ്നറുടേയും കൂട്ടാളികളുടേയും സംഭവബഹുലമായ കഥയാണ് മ്യൂണിക് എന്ന ചിത്രത്തിലൂടെ സ്റ്റീവൻ സ്പീൽബർഗ് കാണിച്ചു തരുന്നത്.
ശത്രുത മൂലം മനുഷ്യൻ മനുഷ്യനെ ഇല്ലായ്മ ചെയ്യുന്നതു കൊണ്ട് അത്യന്തികമായി യാതൊരു നേട്ടവുമില്ല എന്ന വലിയ ഒരു സന്ദേശം ഈ ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ഈ ചിത്രത്തിന് 2006ൽ 5 ഓസ്ക്കാർ നാമനിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട് കൂടാതെ ‘ന്യൂയോർക്ക് ടൈംസ്’ 21ആം നൂറ്റാണ്ടിലെ മികച്ച ചിത്രമായി മ്യൂണിക്കിനെ തെരഞ്ഞെടുത്തിരുന്നു.