ബ്ലിസാർഡ് ഓഫ് സോൾസ് (Blizzard of Souls) 2019

മൂവിമിറർ റിലീസ് - 111

പോസ്റ്റർ : അതുൽ പി.വി
ഭാഷ ലാറ്റ്വിയൻ
സംവിധാനം Dzintars Dreibergs
പരിഭാഷ അനന്തു എ.ആർ
ജോണർ ഡ്രാമ/ഹിസ്റ്ററി/വാർ

7.7/10

എന്ത് രാഷ്ട്രീയ ജാതിമത താല്പര്യങ്ങളുടെ പേരിൽ ആയാൽപ്പോലും രണ്ട് മനുഷ്യന്മാർ പരസ്പരം പോരടിച്ചു മരിക്കുന്നത് ഒരിക്കലും ന്യായീകരിക്കാൻ കഴിയാവുന്ന ഒന്നല്ല. കാരണങ്ങൾ വ്യത്യസ്തമാണെങ്കിൽ കൂടിയും എപ്പോഴും ഇതിന് ഇരയാകാറുള്ളത് ഒരുപറ്റം പാവം മനുഷ്യജീവനുകൾ ആയിരിക്കും. കണ്ടുനിൽക്കുമ്പോഴുള്ള ഭീകരതയല്ല ശരിക്കും യുദ്ധമുഖത്തേക്ക് ഇറങ്ങിച്ചെന്നാൽ കാണാനാവുക. അവിടെ കണ്ണീരും വിലാപവും കൈകാലുകൾ അറ്റുപോയ മൃതപ്രാണരായ മനുഷ്യരും ഒക്കെ കൂടിച്ചേർന്ന് കൂടുതൽ പൈശാചികമാണ് യുദ്ധത്തിന്റെ രൂപം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇസ്രായേലിൽ നിന്നും പലസ്തീനിൽ നിന്നും നമ്മൾ കേൾക്കുന്ന വേദനിപ്പിക്കുന്ന വാർത്തകൾ ഇതിന്റെ വലിയൊരു ഉദാഹരണമാണ്.

തന്റെ കണ്മുന്നിൽ തന്റെ അമ്മയെയും ആകെയുണ്ടായിരുന്ന വീടും പൊടുന്നനെ നഷ്ടമാവുകയായിരുന്നു അർതുർസ് എന്ന 17 വയസ്സുകാരന്. അമ്മയോട് ശത്രുക്കൾ കാണിച്ച ക്രൂരതയിൽ ഉണ്ടായ അഭിനിവേശത്താൽ തന്റെ രാജ്യത്തിന് വേണ്ടി പൊരുതാൻ ഇറങ്ങാൻ ആ പ്രായത്തിൽ അവൻ തീരുമാനിക്കുന്നു. പുറമെ ഉള്ള ആവേശം അകത്ത് കാണിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് ആ യുവാവിന് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മനസ്സിലായി. കഥ പറയുന്നത് ലാത്വിയൻ മണ്ണിലായത് കൊണ്ട് തന്നെ കഥയും ആ മണ്ണിന്റെ പോരാട്ടങ്ങളുടേത് തന്നെയാണ്. അർതുർസ് എന്ന ചെറുപ്പക്കാരന്റെ കണ്ണുകളിലൂടെ ഒന്നാം ലോകമഹായുദ്ധവും റഷ്യൻ വിപ്ലവവും ഒടുവിൽ ലാത്വിയയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടവും സംവിധായകൻ വരച്ചു കാണിക്കുന്നുണ്ട്. തങ്ങളുടെ ഉറ്റവരും ഉടയവരും മരിച്ചു വീഴുന്ന സമയത്ത് ഒരു നിമിഷം തങ്ങൾ ആർക്കെതിരെയാണ് പോരാടേണ്ടത് എന്നുപോലും തിരിച്ചറിയാനാകാതെ പകച്ചുപോയ ലാത്വിയൻ ജനതയുടെ നിസ്സഹായത വളരെ വ്യക്തമായി സിനിമ വരച്ചു കാട്ടുന്നുണ്ട്. ഒടുവിൽ നിരോധിക്കപ്പെട്ട തങ്ങളുടെ ദേശീയഗാനം ഉറക്കെപ്പാടിക്കൊണ്ട് അവർ ഒരുമിച്ച് ഒരു സായുധ മുന്നേറ്റം നടത്തുകയായയിരുന്നു. യുദ്ധ ചിത്രങ്ങളിൽ മുന്നിട്ട് നിൽക്കുന്ന ദൃശ്യ-ശ്രവ്യാനുഭവങ്ങളുടെ മികവ് ബ്ലിസാർഡ് ഓഫ് സോൾസിലും കാണാം.ലാത്വിയൻ ജനതയുടെ വികാരങ്ങളെ തൊട്ടുണർത്തിയ ഈ ചിത്രം 9 പുരസ്‌കാരങ്ങൾ നേടുകയും 10 പുരസ്‌കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.
“യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല… പലസ്തീനിലും ഇസ്രായേലിലും സമാധാനം തിരികെ വരട്ടെ… അവർ ഒത്തൊരുമിച്ച് ജീവിക്കട്ടെ..”

അഭിപ്രായങ്ങൾ പങ്കുവെക്കാൻ