ബാർബേറിയൻസ് : സീസൺ 1 (Barbarians : Season 1 ) 2020

മൂവിമിറർ റിലീസ് - 31

പോസ്റ്റർ : അതുൽ പി വി
ഭാഷ ജർമ്മൻ
സംവിധാനം Barbara Eder
പരിഭാഷ ടീം മൂവിമിറർ
ജോണർ ഹിസ്റ്റോറിക്കൽ/ഡ്രാമ/സീരീസ്

7.2/10

വെബ് സീരിസുകളുടെ തട്ടകമായ നെറ്റ്ഫ്ലിക്സ് ഇക്കൊല്ലം പുറത്തിറക്കിയ വളരെ മികച്ചൊരു സീരീസ് ആണ് ബാർബേറിയൻസ്. ഒന്നാം ഭാഗത്തിന്റെ ആറ് എപ്പിസോഡുകൾ പുറത്തിറങ്ങിയ ഈ സീരീസിന് ഇപ്പോൾത്തന്നെ പ്രേക്ഷകപ്രീതി വളരെയധികമാണ്. സീരിസിന്റെ യഥാർത്ഥ പതിപ്പ് ജർമൻ, ലാറ്റിൻ ഭാഷകളിൽ ആണെങ്കിലും നെറ്റ്ഫ്ലിക്സ് ഇറക്കുന്നതുകൊണ്ട് തന്നെ മറ്റനവധി ഭാഷകളിൽ സീരീസ് ലഭ്യമാണ്. അതുപോലെ, എല്ലാ കഥാപാത്രങ്ങളും ഒരേ ഭാഷ സംസാരിക്കുക എന്നുള്ള പതിവ് സ്വഭാവം ബാർബേറിയൻസിൽ നിങ്ങൾക്ക് കാണാനാവില്ല. കഥാപാത്രങ്ങളെല്ലാം തന്നെ അവരവരുടെ മാതൃഭാഷ സംസാരിക്കുന്നു, അതിനാൽ തന്നെ കാഴ്ചക്കാരന് കൂടുതൽ ചേർച്ചയുള്ളതും ആസ്വാദ്യകരവുമായ രംഗങ്ങൾ ലഭിക്കുന്നുണ്ട്. മാത്രമല്ല, ഹിസ്റ്റോറിക്കൽ ഡ്രാമ വിഭാഗത്തിൽ ഇത്തരത്തിൽ ഇന്നോളം ഇറങ്ങിയിട്ടുള്ള നിർമിതികളിൽ റോമൻ വംശജർ പൗരാണിക ലാറ്റിൻ ഭാഷ സംസാരിക്കുന്ന ഏക കലാസൃഷ്ടിയും ബാർബേറിയൻസ് ആണ്.

ക്രിസ്തുവർഷം ഒൻപതാം ആണ്ട്, സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന് പുകൾപെറ്റ റോമിന്റെ, അജയ്യരെന്ന് കോൾമയിർ കൊണ്ടിരുന്ന സൈന്യത്തിന്റെ വടക്കു ദിശയിലേക്കുള്ള മുന്നേറ്റത്തിന് തടയിട്ടുകൊണ്ട്, ഒരു കൂട്ടം ജർമാനിയൻ പോരാളികൾ ചെറുത്തു നിന്നു. ട്യൂട്ടോബെർഗ് വനാന്തരത്തിൽ റോമൻ പടയാളികളും ജർമാനിയൻ പോരാളികളും തമ്മിൽ നടന്ന പ്രസിദ്ധമായ ഈ പോരാട്ടമാണ് ബാർബേറിയൻസ് സീരിസിന്റെ ഇതിവൃത്തം. ഓരോ കഥാപാത്രങ്ങൾക്കും വളരെ ശക്തമായ അടിത്തറ ഒരുക്കിയാണ് കഥ മുന്നോട്ട് പോകുന്നത്. മികച്ച കഥാസന്ദർഭങ്ങൾ കൊണ്ടും മികവുറ്റ ദൃശ്യാനുഭവം കൊണ്ടും മുൻപ് പറഞ്ഞതുപോലെ ബാർബേറിയൻസ് ഇതിനോടകം പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞു. ആക്ഷൻ, അഡ്വഞ്ചർ, ഹിസ്റ്റോറിക്കൽ ഡ്രാമ വിഭാഗത്തിലെ ചിത്രങ്ങൾ താല്പര്യപ്പെടുന്നവർക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു ദൃശ്യാവിഷ്കാരമാണ് ബാർബേറിയൻസ്.
ഇതുവരെ റിലീസ് ആയ ആദ്യ ആറ് എപ്പിസോഡുകളുടെ മലയാളം പരിഭാഷകൾ നിങ്ങൾക്കായി മൂവി മിറർ ഒരുക്കിയിരിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ