ഭാഷ | പേർഷ്യൻ |
സംവിധാനം | Mohammad Kart |
പരിഭാഷ | അനന്തു A R |
ജോണർ | മിസ്റ്ററി/ത്രില്ലർ |
പർവീൻ’ എന്ന സ്ത്രീയുടെ ഒരു വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നു. അവര് സ്വിമ്മിംഗ് പൂളിൽ ചിലവഴിച്ച സ്വകാര്യ നിമിഷങ്ങൾ ആരോ മൊബൈലിൽ പകർത്തി നെറ്റിൽ അപ്‌ലോഡ് ചെയ്തതാണ്. ഇറാൻ പോലെയൊരു രാജ്യത്ത്, അത്തരമൊരു വീഡിയോ സൃഷ്ട്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങൾ നമുക്കൂഹിക്കാവുന്നതേയുള്ളൂ. വിവരമറിഞ്ഞ അവളുടെ ഭർത്താവ് ‘ഹാഷിമിന്റെ’ നിയന്ത്രണം നഷ്ട്ടമാവുന്നു. മാനഹാനിയും വരാനിരിക്കുന്ന പ്രത്യാഘാതങ്ങളും അയാളുടെ സമനില തെറ്റിക്കുന്നു. പെട്ടെന്നൊരു നിമിഷത്തിൽ തന്റെ സഹോദരൻ ‘ഹോജത്തിന്റെ’ മുന്നിൽ വച്ച് അയാളവളെ ക്രൂരമായി കൊന്നുകളയുന്നു.! കോടതി അയാൾക്ക് വധശിക്ഷ വിധിക്കുന്നു. തുടർന്ന് തന്റെ സഹോദരന്റെ മോചനത്തിന് വേണ്ടി ശ്രമിക്കുന്ന ഹോജത്തിന് മുൻപിലേക്ക് കൊല്ലപ്പെട്ട പർവീനിന്റെ അച്ഛൻ ഒരുപാദി വെക്കുന്നു. ആ വീഡിയോ ചിത്രീകരിച്ച് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്ത ആളെ കണ്ടെത്തിയാൽ, താൻ ഹാഷിമിന് മാപ്പ് നൽകാം എന്നയാൾ സമ്മതിക്കുന്നു. തുടർന്ന് ജേഷ്ഠനെ കൊലക്കയറിൽ നിന്ന് രക്ഷപ്പെടുത്താൻ വേണ്ടി ഹോജത്ത് ആ വീഡിയോക്ക് പിന്നിലെ വില്ലനെ തേടി നടത്തുന്ന അന്വേഷണങ്ങളിലൂടെ സിനിമ വികസിക്കുന്നു.
ഒരു ഇമോഷണൽ ഡ്രാമയായും.. സസ്പെൻസ് മിസ്റ്ററി ത്രില്ലറായായും പരിഗണിക്കാവുന്ന സിനിമയാണ്.. ‘ബട്ടർഫ്ലൈ സ്വിമ്മിംഗ്’. കഥയിൽ സംഭവിക്കുന്ന ആ ഇൻസിഡന്റ് ഇരു കുടുംബങ്ങളെയും എങ്ങനെ ബാധിക്കുന്നു എന്നതും അവരുടെ വികാര വിചാര തലങ്ങളിലൂടെയുമാണ് ആദ്യ ഭാഗങ്ങളിൽ സിനിമയുടെ ക്യാമറ ചലിക്കുന്നത്. ഒരു ഘട്ടം കഴിഞ്ഞാൽ സിനിമ കൂടുതലായും ശ്രദ്ധ നൽകുന്നത് കഥയിലെ അന്വേഷണ പാർട്ടിനാണ്. വീഡിയോക്ക് പിന്നിലെ സത്യാവസ്ഥ തേടിയുള്ള പ്രധാന കഥാപാത്രം നടത്തുന്ന യാത്ര, അത്യാവശ്യം ത്രില്ലിംഗ് ആയും നല്ല രീതിയിൽ സസ്പെൻസ് നിലനിർത്തിക്കൊണ്ടും അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിലെ ക്ലൈമാക്സ് പാർട്ടിൽ, പ്രതീക്ഷിക്കാത്ത ചില സംഗതികൾ ചുരുളഴിയുന്നതും അവിടെയുള്ള ഇമോഷണൽ ട്രാക്കും മികച്ചതാണ്. തീർച്ചയായും കാണാൻ ശ്രമിക്കുക.