ഫ്യൂരി (Fury) 2014

മൂവിമിറർ റിലീസ് - 60

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം David Ayer
പരിഭാഷ ടീം മൂവി മിറർ
ജോണർ ആക്ഷൻ/ഡ്രാമ/വാർ

7.6/10

“രണ്ടാം ലോകമഹായുദ്ധത്തിന്റെ നേർക്കാഴ്ച” എന്നതിൽ കുറഞ്ഞതോ കൂടിയതോ ആയ ഒരു വിശേഷണവും, David Ayer എഴുതി സംവിധാനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ ഫ്യൂരി എന്ന ചിത്രത്തിന് ചേരില്ല.

1945 ഏപ്രിൽ മാസത്തിയിലെ വസന്തകാലത്ത്, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനസമയം, നാസി ജർമനിയിൽ പലയിടങ്ങളിൽ മറഞ്ഞിരിക്കുന്ന നാസി സേനകളെ കണ്ടെത്തി വകവരുത്താനുള്ള ദൗത്യവുമായി സർജന്റ് ഡോൺ കൊള്ളിയറും 5 കൂട്ടാളികളും, അവരുടെ ഫ്യൂരി എന്ന് വിളിപ്പേരുള്ള M4 ഷെർമൻ ടാങ്കിൽ പുറപ്പെടുന്നു. പോരാട്ടങ്ങളിലൂടെ കഥ മുന്നേറുമ്പോൾ ആ ദൗത്യസംഘത്തിന് വളരെ അപകടകരമായ ഒരു ഘട്ടം തരണം ചെയ്യേണ്ടതായി വരുന്നു. കിഴക്ക് പടിഞ്ഞാറൻ മുന്നേറ്റ നിരകൾക്കുണ്ടായ കനത്ത തിരിച്ചടി കണക്കിലെടുത്ത്, അവസാനമായി ആത്മഹത്യാപരമായ ഒരു ചെറുത്ത് നിൽപ്പിനായി ഹിറ്റ്ലർ തന്റെ സൈന്യത്തോട് ആഹ്വാനം ചെയ്യുന്നു. അത് പ്രകാരം തങ്ങളെക്കാൾ മുന്തിയ ടാങ്കുകളും മറ്റ് യുദ്ധസന്നാഹങ്ങളുമായി വരുന്ന നാസികൾക്ക് എതിരെ ഫ്യൂരി ഉപയോഗിച്ച് പടപൊരുതേണ്ട അവസ്ഥയിലേക്ക് അമേരിക്കൻ സേന എത്തിച്ചേർന്നു. പിന്നെ നടന്നത് അഭ്രാപാളിയിലെ എന്നും വാഴ്ത്തപ്പെടുന്ന ചരിത്രം.

ഏകദേശം 45 മിനിറ്റോളം ദൈർഖ്യമുള്ള അവസാന ഭാഗത്തെ യുദ്ധരംഗം കണ്ട് കോൾമയിർ കൊള്ളാത്ത സിനിമപ്രേമികൾ നന്നേ വിരളം. ആദ്യാവസാനം യുദ്ധമുഖത്തെ കാഴ്ചകൾ, ചോരയും മജ്ജയും മാംസവും കബന്ധങ്ങളും ഒക്കെയായി ആവോളം കണ്മുന്നിലേക്ക് ഇട്ടുതരുന്നുണ്ടെങ്കിലും, യുദ്ധത്തിന്റെ യഥാർത്ഥ ഭീകരത, യുദ്ധക്കളത്തിന് പുറത്താണ് എന്നുറക്കെ വിളിച്ച് പറയുന്നുണ്ട് സംവിധായകൻ.

പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബ്രാഡ് പിറ്റ്, സ്തുത്യർഹമായ പ്രകടനം കാഴ്ച്ചവച്ചപ്പോൾ, സഹനടന്മാർ എല്ലാം തന്നെ ഒന്നിനൊന്നു മികച്ച അഭിനയപാടവം പ്രദർശിപ്പിച്ചിട്ടുണ്ട്. പിന്നാലെ വരുന്ന മറ്റൊരു മികവ്, അഭൂതപൂർവ്വമായ ശ്രവ്യാനുഭവം സമ്മാനിക്കുന്ന പശ്ചാത്തലസംഗീതത്തിന്റെയും, ഓരോ രംഗത്തിന്റെയും തീവ്രത ഒപ്പിയെടുത്ത ജീവനുള്ള ഫ്രെയിമുകളുടേതും ആയിരുന്നു. കണ്ട് മറന്നേക്കാവുന്നൊരു ചിത്രമല്ല സംവിധായകൻ മനസ്സിൽ കണ്ടത് എന്നത് അതിലെ ഓരോ രംഗംങ്ങളിലും വ്യക്തം. അതിലദ്ദേഹം വിജയിക്കുകയും ചെയ്തിരിക്കുന്നു.

2014 ലെ ഹോളിവുഡ് ഫിലിം അവാർഡ്സിൽ മികച്ച എഡിറ്റർ ഓഫ് ദി ഇയർ, National Board of Review, USA -യുടെ മികച്ച 10 ചിത്രങ്ങളിൽ ഒന്ന്, 2015-ലെ Santa Barbara International Film Festival പുരസ്കാരം, 2015 ലെ World Stunt Awards പുരസ്‌കാരം എന്നീ പുരസ്‌കാരങ്ങൾക്കൊപ്പം മറ്റ് 23 ഇനങ്ങളിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു ഈ ചിത്രം. വെറും 70 മില്യൻ ഡോളർ ചിലവിൽ നിർമിച്ച ഫ്യൂരി, ബോക്സ്ഓഫീസിൽ വാരിക്കൂട്ടിയത് ഏകദേശം 215 മില്യൻ ഡോളർ ആണ്.
ഈ ചിത്രത്തിൽ ഒരുപാട് പട്ടാള-കമാന്റുകൾ വരുന്നുണ്ട്.അത് മലയാളത്തിലേക്ക് മാറ്റുന്നത്, കാണുന്ന ആളിന്റെ ആസ്വാദനത്തെ ബാധിക്കും എന്നതിനാൽ, ഒഴിച്ചുകൂടാനാവാത്ത ചില കമാന്റുകൾ, അതുപോലെ തന്നെയാണ് കൊടുത്തിട്ടുള്ളത്.
സിനിമ പ്രേമികൾ ഏറെനാളായി കാത്തിരുന്ന ഫ്യൂരി, നിങ്ങൾക്കുള്ള മൂവി മിററിന്റെ മൂന്നാമത്തെ ക്രിസ്തുമസ് സമ്മാനമായി നൽകുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ