ഫോർട്രസ്സ് ഓഫ് വാർ (Fortress of War) 2010

മൂവിമിറർ റിലീസ് - 27

പോസ്റ്റർ : അതുൽ പി.വി
ഭാഷ റഷ്യൻ
സംവിധാനം Aleksandr Kott
പരിഭാഷ അനന്തു എ.ആർ
ജോണർ ആക്ഷൻ/ഡ്രാമ/ഹിസ്റ്ററി

7.5/10

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊള്ളുന്ന സമയം, 1941 ജൂൺ മാസത്തിലെ ഒരു വേനൽക്കാലത്ത് ജർമനിയുടെ നാസി സൈന്യം ഓപ്പറേഷൻ ബാർബറോസ്സ എന്ന പേരിൽ റഷ്യക്ക് നേരെ ഒരാക്രമണത്തിന് പദ്ധതിയിട്ടു. അതിന്റെ ആദ്യ ഭാഗമെന്നോണം റഷ്യയിലെ ബ്രെസ്റ്റ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കോട്ട തകർക്കാൻ തീരുമാനിച്ചു. അങ്ങനെ കോട്ട തകർക്കാൻ വരുന്ന നാസി സൈന്യത്തിനെതിരെയുള്ള റഷ്യൻ സൈനികരുടെ ചെറുത്തുനിൽപ്പിന്റെ കഥയാണ്, Aleksandr Kott സംവിധാനം ചെയ്ത്, 2010-ൽ റിലീസ് ആയ ഫോർട്രസ്സ് ഓഫ് വാർ എന്ന ചിത്രം പറയുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ ചിത്രത്തിന്റെ പല ഭാഗങ്ങളുടെയും ചിത്രീകരണം നടന്നത്, ഇന്നൊരു സാംസ്‌കാരിക മ്യൂസിയമായി സംരക്ഷിച്ചു വരുന്ന ബെലറസ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന യഥാർത്ഥ ബ്രസ്റ്റ് കോട്ടയിൽ തന്നെയാണ്. 15 വയസ്സുള്ളൊരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെയാണ് ചിത്രത്തിന്റെ കഥ പറഞ്ഞു പോകുന്നത്. യുദ്ധരംഗങ്ങളും സൈനികരുടെ വൈകാരിക ഭാവഭേദങ്ങളും വളരെ വ്യക്തമായും കൃത്യമായും സംവിധായകൻ വരച്ചു കാട്ടുന്നുണ്ട്. ആറ് ദിവസം നാസികളോട് പൊരുതി നിന്ന റഷ്യൻ സൈന്യത്തിന്റെയും, സഖ്യസേനക്ക് സന്ദേശം അയക്കാൻ ചുമതലപ്പെട്ട 15 വയസ്സുകാരൻ സാഷ അകിമോവിന്റെയും കഥ വളരെ മികവുറ്റ രീതിയിൽ സംവിധായകൻ ആവിഷ്കരിച്ചിരിക്കുന്നു.
വെറും 70 ലക്ഷം അമേരിക്കൻ ഡോളർ ചിലവിട്ട് നിർമിച്ച ചിത്രം, ആഗോളതലത്തിൽ 4.5 കോടി ഡോളർ കളക്ഷൻ നേടി. ഒരു ബിഗ് ബജറ്റ് ഹോളിവുഡ് ചിത്രത്തോട് കിടപിടിക്കുന്ന വിഷ്വൽ എഫക്ടും സിനിമാറ്റൊഗ്രഫിയും മികച്ച പശ്ചാത്തലസംഗീതവും ചിത്രത്തെ വേറിട്ടു നിർത്തി. അഭിനയിച്ചവരെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച ചിത്രത്തിന്, മൂന്ന് റഷ്യൻ അക്കാഡമി അവാർഡുകളും, മികച്ച ശബ്ദമിശ്രണം, എഡിറ്റിംഗ്, സിനിമാറ്റൊഗ്രാഫി എന്നിവയ്ക്കുള്ള ഫിലിം ഫെയർ അവാർഡുകളും, മികച്ച ആക്ഷൻ വിഭാഗത്തിലെ സിനിമ, മികച്ച ഡ്രാമ വിഭാഗത്തിലെ സിനിമ തുടങ്ങി രണ്ട് റഷ്യൻ നാഷണൽ മൂവി അവാർഡുകൾ ലഭിക്കുകയെന്ന അപൂർവ്വ നേട്ടവും സ്വന്തമാക്കാനായി. യുദ്ധം പ്രമേയമാക്കിയുള്ള ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരെ ഈ ചിത്രം നിരാശപ്പെടുത്തില്ല. 138 മിനിറ്റ് ദൈർഖ്യമുള്ള ഈ ചിത്രം ചലച്ചിത്ര പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ദൃശ്യവിസ്‌മയം തന്നെയാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ