ഭാഷ | കൊറിയൻ |
സംവിധാനം | Dae-min Park |
പരിഭാഷ | സൗപർണിക വിഷ്ണു |
ജോണർ | മിസ്റ്ററി/ത്രില്ലെർ |
കൊറിയൻ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായ ഹ്വാങ് ജങ്-മിൻ പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് പ്രൈവറ്റ് ഐ.1910 കാലഘട്ടത്തിലെ കൊറിയയിലാണ് കഥ നടക്കുന്നത്. വളരെ യാദൃശ്ചികമായി വൈദ്യശാസ്ത്രം പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് ഒരു മൃതശരീരം ലഭിക്കുന്നു. തന്റെ പഠന ആവശ്യങ്ങൾക്കായി ആ ജഡം ഉപയോഗിക്കാൻ തീരുമാനിക്കുന്ന അവൻ, പിന്നീടാണ് അറിയുന്നത് അത് സ്ഥലത്തെ പ്രമുഖ സർക്കാർ ഉദ്യോഗസ്ഥന്റെ മകന്റെ ജഡമാണെന്ന്. ആ പേരിലുള്ള കൊലക്കുറ്റം തന്റെമേൽ വരുമോ എന്നുള്ള പേടിയിൽ, യഥാർത്ഥ കൊലപാതകിയെ കണ്ടെത്താൻ അവനൊരു ഡീറ്റക്റ്റീവിന്റെ സഹായം തേടുന്നു. തുടർന്നുള്ള കൊലപാതകത്തിന്റെ ചുരുളഴിക്കലാണ് സിനിമ. പ്രധാന കഥാപാത്രങ്ങളുടെ പെരുമാറ്റത്തിലും, തൊഴിലിലും വിശ്വപ്രസിദ്ധ ഡിറ്റക്റ്റീവ് കഥാപാത്രമായ ഷെർലക് ഹോംസിനെയും സഹചാരിയായ വാട്സനെയും കണ്ടെന്ന് തോന്നിയാൽ അത്ഭുതമൊന്നുമില്ല. മികച്ച ഹാസ്യ രംഗങ്ങളും ആക്ഷനും മേമ്പൊടിക്ക് അല്പം വൈകാരികതയും ചേർന്ന് നല്ലൊരു ഓളത്തിനാണ് കഥ മുന്നോട്ട് പോകുന്നത്. ഓരോ തവണയും ഡിറ്റക്റ്റീവ് കൊലപാതകിയെ പിടിക്കുമെന്ന ഘട്ടം വരുമ്പോൾ കണ്ടിരിക്കുന്നയാൾക്ക് അയാളെ ഒന്ന് പ്രോത്സാഹിപ്പിക്കണം എന്ന് തോന്നും. അത്രയും രസകരമാണ് ഈ ചിത്രം. മികച്ച ഒരു ത്രില്ലർ, അല്പം ആസ്വദിച്ച് കാണാൻ താല്പര്യമുള്ളവർക്ക് ധൈര്യമായി സമയം മാറ്റി വയ്ക്കാം, ഈ ചിത്രം നിങ്ങളെ നിരാശരാക്കില്ല.