ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Paul W. S. Anderson |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ആക്ഷൻ/അഡ്വഞ്ചർ/ഡ്രാമ |
പുരാതന റോമാ സാമ്രാജ്യത്തിലെ പ്രതാപ നഗരമായിരുന്നു പോംപെ. BC 79 ൽ വെസൂവിയസ് അഗ്നിപർവ്വതം നാമാവശിഷ്ടമാക്കിയ ഇവിടം ഇന്ന് യുനെസ്കോ പൈതൃകനഗരമാണ്. മീറ്ററുകളോളം ഉയരത്തിൽ ചാരവും പൊടിയും മൂടിയ അവശിഷ്ടങ്ങൾ. ശ്വാസം മുട്ടി മരണവെപ്രാളത്തിൽ പുളയുന്നവർ, കൈക്കുഞ്ഞിനെ മാറോട് ചേർത്തവർ, പ്രാർത്ഥനയിൽ മുഴുകിയവർ, ആലിംഗനബദ്ധരായ ഇണകൾ. വായുവും ഈർപ്പവും കടക്കാത്തതുമൂലം ജീർണ്ണിക്കാത്ത മൃതശരീരങ്ങൾ പ്ലാസ്റ്റർ ഓഫ് പാരീസിൽ പൊതിഞ്ഞ് വർത്തമാനകാലത്തിലും നമുക്ക് അവിടെ കാണാനാകും. പോംപെയിലെ ഈ ദുരന്തത്തെ ആസ്പദമാക്കി 2014ൽ പോൾ WS ആൻ്റേഴ്സൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആക്ഷൻ അഡ്വഞ്ചർ മൂവിയാണ് ‘പോംപെ. റോമാ സാമ്രാജ്യത്തിൻ്റെ അധീശത്വത്തിൽ ഞെരിഞ്ഞമരുന്ന അടിമവർഗ്ഗവും, അധികാരികളുടെ വിനോദത്തിനായി പോരടിച്ച് മരിക്കുന്ന ഗ്ലാഡിയേറ്റർമാരും. പ്രകൃതിക്ക് മുന്നിൽ മനുഷ്യൻ്റെ യാതൊരുവിധ ശക്തിയും നിലനിൽക്കില്ല എന്ന സത്യം വെളിവാക്കുന്ന രീതിയിൽ അഗ്നിപർവ്വതം സംഹാരതാണ്ഡവം നടത്തുന്നതിൻ്റെ നേർക്കാഴ്ച തന്നെയാണ് ഈ ചിത്രം. ഒരു ജനതയെ തന്നെ ഓർമ്മ മാത്രമാക്കി മാറ്റിയ ആ സംഭവത്തെ വളരെ വൈകാരികമായി തന്നെ സംവിധായകൻ വെള്ളിത്തിരയിലെത്തിച്ചിട്ടുണ്ട്.