ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | ഫ്രാങ്ക് ഡറബോണ്ട് |
പരിഭാഷ | സൗപർണിക വിഷ്ണു |
ജോണർ | ഹൊറർ/ത്രില്ലർ |
ഫ്രാങ്ക് ഡറബോണ്ടിന്റെ സംവിധാനത്തിൽ 2007 ൽ പുറത്തിറങ്ങിയ ഹൊറർ – ത്രില്ലർ ചിത്രമാണ് “ദ മിസ്റ്റ്”. 1980 ൽ പുറത്തിറങ്ങിയ സ്റ്റീഫൻ കിംഗിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. പെട്ടെന്നൊരു ദിവസം ഒരു നഗരത്തെ മുഴുവൻ നിഗൂഢമായ ഒരു മൂടൽമഞ്ഞ് വന്നു മൂടുന്നിടത്താണ് കഥ തുടങ്ങുന്നത്. മൂടൽമഞ്ഞിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും, അതിനിടയിൽ നിർഭാഗ്യവശ്ശാൽ ഒരു സൂപ്പർ മാർക്കറ്റിൽ കുടുങ്ങിപ്പോകുന്ന കുറെ മനുഷ്യർ, അതിനെ തരണം ചെയ്യാൻ നടത്തുന്ന പരിശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കണ്ടുമറന്ന ഒരു കഥ എന്നതിലുപരി, തന്റെ ജീവിതശൈലിയിൽ, ചുറ്റുപാടുകളിൽ, സാഹചര്യങ്ങളിൽ ഒക്കെയുണ്ടാവുന്ന മാറ്റങ്ങൾ, ഏറ്റവും വലിയ സാമൂഹിക ജീവിയെന്ന് അവകാശപ്പെടുന്ന മനുഷ്യനെ എത്രമാത്രം പ്രാകൃതനാക്കുന്നുവെന്ന് വളരെ വ്യക്തമായി ചിത്രം വരച്ചുകാട്ടുന്നുണ്ട്. കഥയ്ക്കുള്ളിൽ വളരെ വ്യക്തമായി കഴമ്പുള്ള ചില യാഥാർത്ഥ്യങ്ങൾ പറഞ്ഞുവച്ചിട്ടുമുണ്ട്.
തോമസ് ജെയ്ൻ, മാർഷ്യ ഗേ ഹാർഡൻ, ലോറി ഹോൾഡൻ, ആൻഡ്രേ ബ്രോഗർ, ടോബി ജോൺസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മനസ്സിനെ പിടിച്ചുലയ്ക്കുന്ന തരത്തിൽ, നിസ്സഹായതയുടെ മൂർദ്ധന്യാവസ്ഥ എന്തെന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്തിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. ലോകമെമ്പാടും ഇന്നും ഒട്ടനവധി ചലച്ചിത്രാസ്വാദകരുടെ ഇഷ്ടചിത്രങ്ങളിൽ ഒന്നാണ്, ദ മിസ്റ്റ്. ചലച്ചിത്രത്തിനടിസ്ഥാനമായ നോവലിനോട് പൂർണ്ണമായും നീതി പുലർത്തുന്ന ഈ ചിത്രം, ഹൊറർ – ത്രില്ലർ പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നാണെന്ന് നിസംശയം പറയാം.