ഭാഷ | ഡാനിഷ് |
സംവിധാനം | Søren Sveistrup |
പരിഭാഷ | അനന്തു A R, അനൂപ് പി സി, ജസീം ജാസി & യൂ എ ബക്കർ പട്ടാമ്പി |
ജോണർ | ക്രൈം/ത്രില്ലർ |
ലോകസിനിമാ ചരിത്രത്തിൽ പിറവിയെടുത്ത ഏറ്റവും മികച്ച കുറ്റാന്വേഷണ കഥകളിൽ എപ്പോഴും മുൻനിരയിൽ പരിഗണിക്കുന്ന പേരാണ് ‘ദി കില്ലിംഗ്’. സ്കാൻഡിനേവിയൻ രാജ്യങ്ങളുടെ പശ്ചാത്തലത്തിൽ സംഭവിക്കുന്ന കുറ്റകൃത്യ കഥകളുടെ വിഭാഗമായ ‘നോർഡിക് നോയർ’ എന്ന യോണറിനെ പിൽക്കാലത്ത് ലോകപ്രശസ്തമാക്കിയത് ഈ ഡാനിഷ് സീരീസാണ്.
കൗമാരക്കാരിയായ ഒരു പെൺകുട്ടിയുടെ ക്രൂരമായ കൊലപാതകവും, അതിന്റെ അന്വേഷണ നാൾവഴികളിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ നേരിടുന്ന വെല്ലുവിളികളും അവർ ചുരുളഴിക്കുന്ന രഹസ്യങ്ങളുമാണ് പരമ്പരയുടെ പ്രമേയം. ഒരുപാട് വഴിത്തിരിവുകളും പ്രവചനാതീതമായ കഥാഗതിയുമുള്ള ബ്രില്ല്യന്റായ തിരക്കഥയാണ് ഈ പരമ്പരയുടെ പ്രധാന സവിശേഷത. ഒരു Whodunit മിസ്റ്ററിയായി പുരോഗമിക്കുന്ന കഥയിൽ ഡെന്മാർക്കിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളും, പ്രധാന പ്ലോട്ടിനോട് ചേർന്ന് നിന്ന് തന്നെ പരമ്പര ചർച്ച ചെയ്യുന്നുണ്ട്. വെറും കുറ്റന്വേഷണവും പോലീസ് നടപടികളും മാത്രമായി ഒതുങ്ങാതെ, കഥാപാത്രങ്ങളിലേക്കും അവരുടെ വൈകാരിക തലങ്ങളിലേക്കും പരമ്പര ആഴത്തിൽ ഇറങ്ങി ചെല്ലുന്നുണ്ട്. കഥയിൽ സംഭവിക്കുന്ന കൊലപാതകം ഇരയായ പെൺകുട്ടിയുടെ കുടുംബത്തെയും അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതത്തെയും ഏതു രീതിയിൽ ബാധിക്കുന്നു എന്നതും പരമ്പര വ്യക്തമായി അടയാളപ്പെടുത്തുന്നു. പരമ്പരയുടെ മറ്റൊരു ആകർഷണം, സോഫി ഗ്രാബോൾ എന്ന നടി അവതരിപ്പിച്ച പ്രധാന കഥാപാത്രമായ ഡീറ്റെക്റ്റീവ് സാറാ ലുൻഡ് എന്ന കഥാപാത്രത്തിന്റെ ക്യാരക്റ്ററൈസേഷനും അവരുടെ പ്രകടനവുമാണ്. തന്റെ കൺമുന്നിലുള്ള കുറ്റകൃത്യം സോൾവ് ചെയ്യാനായി ഏതറ്റം വരെ പോകാനും, ഏത് അപകടത്തിലേക്കും നടന്നു കയറാനും മടിയില്ലാത്ത എഫിഷ്യന്റായ തന്റേടിയായ ആ കഥാപാത്രമായി അവർ നടത്തിയ പ്രകടനം അത്യുജ്ജ്വലമെന്നേ വിശേഷിപ്പിക്കാനാവൂ!
നോർഡിക് നോയർ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവരും അതിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവരും, തീർച്ചയായും കണ്ടിരിക്കേണ്ട സീരീസാണ്.. സ്ക്രിപ്റ്റിലും, മേക്കിങ്ങിലും, പെർഫോമൻസിലും ടോപ്നോച്ച് ക്വാളിറ്റിയുള്ള ‘ദി കില്ലിംഗ്’! നിരന്തരം ട്വിസ്റ്റുകളും സർപ്രൈസുകളും നൽകി പ്രേക്ഷകനെ അത്യന്തം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കഥ പറയുന്ന ഈ പരമ്പരയുടെ, ഇരുപത് എപ്പിസോഡുകൾ അടങ്ങുന്ന ഒന്നാം സീസണാണ് മലയാളം പരിഭാഷയോടെ മൂവി മിറർ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.