ഭാഷ | ഇംഗ്ലീഷ്, സ്പാനിഷ് |
സംവിധാനം | Alen parker |
പരിഭാഷ | വിഷ്ണു സി. നായർ |
ജോണർ | ഡ്രാമ/ത്രില്ലെർ |
ടെക്സസ് യൂണിവേഴ്സിറ്റിയിലെ അതിസമർത്ഥനായ പ്രൊഫസർ ആണ് ഡേവിഡ് ഗെയിൽ. അധ്യാപനത്തിന് പുറമെ, അമേരിക്കയിൽ ഉടനീളം വ്യാപകമായി നടന്നു വരുന്ന വധശിക്ഷകൾക്ക് എതിരെ പോരാടുന്ന ഡെത്ത്വാച്ച് എന്ന സംഘടനയിലെ മുഖ്യ അംഗം കൂടിയാണ് ഗെയിൽ. എന്നാൽ വിധിയുടെ വിളയാട്ടം കാരണം ഗെയിലിന് തന്റെ ജോലിയും അഭിമാനവും കുടുംബവും എല്ലാം നഷ്ടപ്പെടുന്നു. തുടർന്ന് അയാൾ തന്റെ ആത്മാർത്ഥ സുഹൃത്തും സഹപ്രവർത്തകയുമായ കോൺസ്റ്റൻസ് ഹരാവേയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണി ഇരിക്കുകയാണ്. ശിക്ഷയിൽ കഴിഞ്ഞ ആറ് വർഷക്കാലം ഒരു തവണ പോലും മാധ്യമങ്ങൾക്ക് ഒരു അഭിമുഖം നൽകാത്ത ഗെയിൽ, തന്റെ വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ട് മുൻപുള്ള 3 ദിവസങ്ങൾ, വീക്കിലി മാഗസിൻ റിപ്പോർട്ടർ ആയ ബിറ്റ്സി ബ്ലൂമിന്, ദിവസം രണ്ട് മണിക്കൂർ വീതം അഭിമുഖത്തിനായി നൽകുന്നു. അവിടെയാണ് കഥയുടെ തുടക്കം. പിന്നീട് അങ്ങോട്ട് നാം കാണുന്ന സംഭവങ്ങൾ ഗെയിലിന്റെ കഴിഞ്ഞകാല ജീവിതമാണ്. കുപ്രസിദ്ധമായ സെക്യൂരിറ്റാറ്റി സമ്പ്രദായത്തിൽ ചെയ്യപ്പെടുന്ന കോൺസ്റ്റൻസിന്റെ കൊലപാതകത്തിന്റെ ചുരുളുകൾ അഴിയുന്നത് ചിത്രത്തോടൊപ്പം സഞ്ചരിച്ച് നമുക്ക് മനസിലാക്കാം. ഡേവിഡ് ഗെയിൽ ആയി കെവിൻ സ്‌പേസിയും ബിറ്റ്സി ബ്ലൂം ആയി കെയ്റ്റ് വിൻസ്‌ലറ്റും മാസ്മരിക പ്രകടനമാണ് കാഴ്ച്ചവച്ചിരിക്കുന്നത്. ഒരു ത്രില്ലർ സ്വഭാവമുള്ള സിനിമയാണെങ്കിലും കാഴ്ച്ചക്കാരന്റെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന തരത്തിലുള്ള പതിഞ്ഞ താളത്തിലുള്ള അനവധി രംഗങ്ങൾ ചിത്രത്തിലുടനീളം കാണാം. സിനിമ പ്രേമികളുടെ ഇഷ്ട ചിത്രങ്ങളുടെ ലിസ്റ്റിൽ എപ്പോഴും ഇടം പിടിക്കുന്ന ഈ ചിത്രം 2003 ൽ ആണ് റിലീസ് ആവുന്നത്. ഇപ്പോഴും കാലികപ്രസക്തിയുള്ള ഒരു കഥാതന്തുവിന്റെ മികച്ച രീതിയിലുള്ള ഈ ദൃശ്യാവിഷ്കാരം നിങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് മെംബേർസ് ചോയ്സ് ഫെസ്റ്റിന്റെ ഭാഗമായി റിലീസ് ചെയ്യുന്നു.