ഭാഷ | ഡാനിഷ് |
സംവിധാനം | Martin Pieter Zandvliet |
പരിഭാഷ | അനൂപ് പി.സി |
ജോണർ | മിസ്റ്ററി/ത്രില്ലെർ |
ലോകസിനിമകളിൽ ഏറ്റവും മികച്ച ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങൾ എടുത്താൽ അതിൽ ഏറ്റവും മുൻ നിരയിൽ തന്നെ സ്ഥാനം പിടിക്കുന്ന ചിത്രങ്ങളാണ് ഡിപ്പാർട്ട്മെന്റ് ക്യു’സീരീസിലെ ചിത്രങ്ങൾ. ഇതുവരെ നാല് എഡിഷനുകൾ ഇറങ്ങിയ ഡിപ്പാർട്ട്മെന്റ് ക്യു’സീരീസിലെ ഏറ്റവും പുതിയ ചിത്രമാണ് “ദി മാർക്കോ എഫക്റ്റ്” എന്ന ഈ ചിത്രം. കഴിഞ്ഞ നാല് എഡിഷനുകളിലും കാൾ’നെയും ആസാദിനെയും അവതരിപ്പിച്ച താരങ്ങൾക്ക് പകരം ഇക്കുറി ഉൾറിക്ക് തോംസണും, സാക്കി’യുമാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ മാറ്റം സിനിമയുടെ ക്ലാസ്സിനെയോ കഥാപാത്രങ്ങളുടെ ഗാംഭീര്യത്തെയോ ഒട്ടും ബാധിച്ചിട്ടില്ല.
തെളിയാതെ കെട്ടികിടക്കുന്ന കേസുകളുടെ ഫയലുകൾ സൂക്ഷിക്കുന്ന സെക്ഷനിലെ പോലീസ് ഉദ്യോഗസ്ഥരായ കാൾ, ആസാദ് എന്നിവർ ഓഫിസ് സ്റ്റാഫ് ആലീസുമായി ചേർന്ന് നടത്തുന്ന കേസ് അന്വോഷണങ്ങളാണ് നമ്മൾ മുൻ സിനിമകളിൽ കണ്ടത്. പതിയെ കഥ പറഞ്ഞു പോവുന്ന എല്ലാ ചിത്രങ്ങളും കഥയിലെ നിഗൂഢതകൾ കൊണ്ടും, അന്വോഷണ ഉദ്യോഗസ്ഥരുടെ പെരുമാറ്റ രീതികൾ കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചവയാണ്. ഈ സീരീസിലെ ഒരു ചിത്രം കണ്ടു കഴിഞ്ഞാൽ തന്നെ മറ്റു ചിത്രങ്ങൾ നമ്മൾ ഉറപ്പായും തേടി പിടിച്ചു കണ്ടിരിക്കും. ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ സിനിമാ പ്രേമികളെ ഇതിലേക്ക് ആകർഷിക്കുന്ന ഒരുപാട് സവിശേഷതകൾ ഈ ചിത്രങ്ങൾക്കുണ്ട്.
പുതിയ ചിത്രമായ “The Marco Effect ” ഉം പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തുന്നില്ല. എങ്കിലും ഇത്രയും കാലം പ്രധാനപെട്ട വേഷമായ കാളിന്റെയും ആസാദിന്റെയും വേഷത്തിൽ തകർത്തഭിനയിച്ച നിക്കോളാജ് ലീ കാസിനും, ഫരീസ് ഫരീസിനും പകരം മറ്റു രണ്ടു അഭിനേതാക്കൾ വന്നത് പ്രേക്ഷകരെ നിരാശപെടുത്തിയിരുന്നു. അത് ചിത്രത്തിന്റെ റേറ്റിംഗ്’നെയും കാര്യമായി ബാധിച്ചിരുന്നു.ഇത് മാറ്റി നിർത്തിയാൽ നല്ലൊരു മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ഈ ചിത്രം എന്ന് പറയാം.
ഡെന്മാർക്ക് അതിർത്തിയിൽ ഒരു ട്രെയിൻ യാത്രക്കിടെ വേണ്ടത്ര രേഖകളില്ലാതെ ഒരു പതിമൂന്നുകാരൻ പയ്യനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. പരിശോധനയിൽ അവന്റെ പക്കൽ നിന്നും ഒരു പാസ്പോർട്ട് പോലീസിന് ലഭിക്കുന്നു, നാല് വർഷം മുൻപ് ദുരൂഹമായൊരു സാഹചര്യത്തിൽ കാണാതായ പോലീസ് അന്യോഷിക്കുന്ന വില്യം സ്റ്റാർക്ക് എന്ന വ്യക്തിയുടേതായിരുന്നു ആ പാസ്പോർട്ട്.
തെളിവുകൾ ഒന്നും ലഭിക്കാത്തതിനാൽ ക്ലോസ് ചെയ്തിരുന്ന ആ കേസിന്റെ അന്വോഷണം കാളും ആസാദും ചേർന്ന് ഏറ്റെടുക്കുന്നു, അന്വോഷണം മുൻപോട്ട് നീങ്ങവേ ഒരുപാട് ദുരുഹതകൾ സ്റ്റാർക്കിനെ ചുറ്റിപ്പറ്റി ഉണ്ടെന്നു ഇവർക്ക് മനസിലാവുന്നു. ഈ കേസുമായി ബന്ധപ്പെട്ട പലരും കൊല്ലപ്പെടുകയും കൂടി ചെയ്യുന്നതോടെ അവരുടെ സംശയം ബലപ്പെടുന്നു.
ശേഷം നിങ്ങൾ കണ്ടറിയുക.