ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Julius Avery |
പരിഭാഷ | അനന്തു എ ആർ, സൗപർണിക വിഷ്ണു, വിഷ്‌ണു സി നായർ, മനോജ് കുന്നത്ത്, പ്രവീൺ കുറുപ്പ് & യു എ ബക്കർ പട്ടാമ്പി |
ജോണർ | ഹൊറർ/ത്രില്ലർ |
നൂറിൽപ്പരം എക്സോർസിസം നടത്തി വിജയം കണ്ട, വത്തിക്കാൻ സഭയുടെ കീഴിൽ പ്രവർത്തിച്ച് വന്നിരുന്ന ഭൂതോച്ചാടകനായ പുരോഹിതനാണ് ഗബ്രിയേൽ അമോർത്ത്. എക്സോർസിസം എന്നതിലുപരി മാനസികാസ്വാസ്ഥ്യം നേരിടുന്ന മനുഷ്യരെ സഹായിക്കാൻ ചില മനഃശാസ്ത്രപരമായ സമീപനങ്ങൾ നടത്തുന്നതിലൂടെയാണ് ഫാദർ അമോർത്ത് തൻ്റെ വിജയവഴികൾ കണ്ടിരുന്നത്. അങ്ങനെയിരിക്കെ പോപ്പിൻ്റെ ആവശ്യപ്രകാരം ഹെൻറി എന്ന് പേരുള്ള ഒരു കുട്ടിയെ കാണാനായി അമോർത്ത് സ്പെയിനിലേക്ക് പോകുന്നു. ഹെൻറിയുടെ പിതാവിൻ്റെ കുടുംബസ്വത്തിൽ ഉൾപ്പെട്ടിരുന്ന വളരെ പഴക്കമുള്ള ഒരു ക്രൈസ്തവമഠം വിൽക്കുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു ഹെൻറിയും കുടുംബവും സ്പെയിനിൽ എത്തിയത്. എന്നാൽ അവിടെ ഫാദറിനെ വരവേറ്റത് വത്തിക്കാൻ സഭ നൂറ്റാണ്ടുകളായി മൂടി വെച്ചിരുന്ന ഒരു നികൂട ഉപജാപമായിരുന്നു.
ഹെൻറിയുടെ ശരീരത്തിൽ കൂടിയിരിക്കുന്ന ദുരാത്മാവിനെ തിരിച്ചറിയാൻ കഴിയാതെ നിസ്സഹായനായി നിൽക്കുന്ന സാഹചര്യത്തിൽ ഫാദർ അമോർത്ത് മഠത്തിൽ ഒരു കിണർ കണ്ടെത്തുന്നു. രഹസ്യങ്ങളുടെ കലവറയായ ആ കിണറിൻ്റെ പിറകെ പോകുന്ന ഫാദർ അമോർത്ത്, 1478 ൽ സ്പെയിനിൽ രൂപം കൊണ്ട ജുഡീഷ്യൽ സ്ഥാപനമായിരുന്ന സ്പാനിഷ് ഇൻക്വിസിഷൻ്റെ സ്ഥാപകരിൽ ഒരാൾ പുരോഹിതനായിരിക്കെ ദുഷ്ടപ്രവർത്തികളിൽ ഏർപ്പെട്ടിരുന്നതായും വിചാരണ നേരിട്ടതായും കണ്ടെത്തുന്നു. ഒന്നിന് പുറകെ ഒന്നായി പല നിഗൂഢതകളും ഫാദർ കണ്ടെത്തുകയും തന്നെ വട്ടം കറക്കുന്ന ദുരാത്മവ് ആരാണെന്ന് ഫാദർ തിരിച്ചറിയുകയും ചെയ്യുന്നു.
തുടക്കം മുതൽ ഒടുക്കം ഒരു മിസ്റ്ററി മൂഡ് നില നിർത്താൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ ചിത്രത്തിൻ്റെ സിനിമാറ്റോഗ്രാഫിയും സൗണ്ട് ട്രാക്കുകളും എടുത്ത് പറയേണ്ടതാണ്. ചിത്രം നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണം നേടുകയും ബോക്സ്ഓഫീസിൽ വലിയ ചലനം സഷ്ടിക്കുകയും ചെയ്തിരുന്നു. ഈ ചിത്രത്തിൻ്റെ രണ്ടാം ഭാഗവും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.