ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Corin Hardy |
പരിഭാഷ | ഷിയാസ് പരീത് |
ജോണർ | ഹൊറർ/ത്രില്ലർ |
ഹൊറർ സിനിമകളുടെ പേരുകൾ പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നു വരുന്ന ചിത്രങ്ങളിൽ ഒന്ന് കൊഞ്ചുറിങ്ങ് ആയിരിക്കും. അതിൽ തന്നെ “വലെക്” എന്ന ഭീഗരരൂപിയായ ദുരാത്മാവാണ് പ്രേക്ഷകനെ ഭീതിയിലേക്ക് തള്ളി വിടുന്നതിൽ മുഖ്യ പങ്ക് വഹിച്ചത്. അതിനാൽ വലെക് എന്ന കഥാപാത്രത്തിന് ഇന്ന് ധാരാളം ആരാധകരും ഉണ്ട്. അത്തരത്തിൽ പ്രേക്ഷ സ്വീകാര്യത ലഭിച്ച വലെക് എന്ന കന്യാസ്ത്രീയുടെ രൂപത്തിലുള്ള ദുരാത്മാവിന്റെ കഥയാണ് “ദി നൺ” എന്ന ചിത്രം പറയുന്നത്.
കൊഞ്ചുറിങ് 2 ന്റെ പ്ലോട്ടിൽ നിന്നും ആരംഭിക്കുന്ന സിനിമ വഴിവെക്കുന്നത് വലേക്കിന്റെ ചരിത്രത്തിലേക്കാണ്. 1952 ൽ, റോമാനിയയിലെ സെയിന്റ് കാർത്താ മോണാസ്ട്രിയിലെ രണ്ട് കന്യാസ്ത്രീകൾ ഒരു പ്രാചീന തിരുശേഷിപ്പ് തിരികെയെടുക്കാനായി മഠത്തിലെ ഒരു അന്തർമാർഗ്ഗത്തിൽ പ്രവേശിക്കുന്നു. അതിൽ ഒരു കന്യാസ്ത്രീ പൈശാചികമായി കൊല്ലപ്പെടുകയും, അവിടെ നിന്നും രക്ഷപ്പെട്ട കന്യാസ്ത്രീ സ്വയം തൂങ്ങി മരിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ രക്തത്തതാൽ ആ മഠത്തിന്റെ ഉള്ളറയിൽ വർഷങ്ങളായി തളക്കപ്പെട്ട ഒരു ദുരാത്മാവാണ് വലെക്. ആ ദുരാത്മാവിന് പുറത്തേക്ക് കടക്കാൻ ഒരു ശരീരം വേണം എന്ന സത്യം മനസ്സിലാക്കിയതിനാലാണ് കന്യാസ്ത്രീ ആത്മഹത്യ ചെയ്തത്. ഈ മരണത്തിന്റെ ദുരൂഹത അന്വേഷിക്കാനും മഠത്തിന്റെ അവസ്ഥയെ കുറിച്ച് പഠിക്കാനും വേണ്ടി സഭ രണ്ട് പേരെ മഠത്തിലേക്ക് അയക്കുന്നു. പിന്നീട് ഇവർ കണ്ടെത്തുന്ന സത്യങ്ങളും വലെക്കിലേക്ക് ഇവരെ നയിക്കുന്ന ഭീതിജനകമായ സന്ദർഭങ്ങളുമാണ് സിനിമയിലുള്ളത്.
ഒരു ഹൊറർ സിനിമ അനുഭവത്തിന് പുറമെ ഒരു മിസ്റ്ററി ത്രില്ലർ പരിവേഷം കൂടി ഈ ചിത്രത്തിന് നൽകാൻ സാധിക്കുന്നു. സിനിമയുടെ കളർ ടോൺ, ബിജിഎം, ലൈറ്റിങ്, അന്തരീക്ഷം എല്ലാം വളരെ മികച്ചതും ഭീതിജനകവുമാണ്. ഗോഥിക്ക് കാലഘട്ടത്തിലെ കഥാസന്ദർഭം വളരെ മികച്ച രീതിയിൽ തന്നെ സംവിധായകൻ അവിഷ്കരിച്ചിട്ടുണ്ട്. കൊഞ്ചുറിങ് സീരീസുകളുടെ ടൈംലൈൻ അനുസരിച്ച് ഈ കൂട്ടത്തിൽ ആദ്യം കാണേണ്ട പടം ദി നൺ ആണ്. ആയതിനാൽ പ്രേക്ഷകന് കൊഞ്ചുറിങ് സീരീസിന്റെ പൂർണത ലഭിക്കാൻ ഈ ഒരു സിനിമയുടെ പ്ലോട്ട് അവിഭാജ്യ ഘടകം തന്നെയാണ്.