ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Lee Tamahori |
പരിഭാഷ | യു എ ബക്കർ പട്ടാമ്പി |
ജോണർ | ആക്ഷൻ/ത്രില്ലെർ |
പ്രശസ്ത സംവിധായകൻ “ലീ തമാഹോറി” സംവിധാനം ചെയ്തു, 2011 ൽ
ഇംഗ്ലീഷ് ഭാഷയിൽ പുറത്തിറങ്ങിയ ബെൽജിയം-ഡച്ച് ചിത്രമാണ് “ദി ഡെവിൾസ് ഡബിൾ”. പ്രശസ്ത ബ്രിട്ടീഷ് താരം “ഡൊമിനിക് കൂപ്പർ” ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഉദയ്-ലത്തീഫ് എന്നീ ഇരട്ട വേഷങ്ങൾക്ക് ജീവൻ കൊടുത്തിട്ടുള്ളത്.
പെട്ടെന്നൊരുനാൾ നിങ്ങളോട് മറ്റൊരാളായി ജീവിക്കണം എന്നാവശ്യപ്പെട്ടാൽ നിങ്ങൾ എന്ത് ചെയ്യും? അച്ഛനെയും, അമ്മയെയും, സഹോദരങ്ങളെയും, ബന്ധുക്കളെയും, സുഹൃത്തുക്കളെയും കൂടെ നിങ്ങളെയും പൂർണമായും മറന്നുകൊണ്ടുള്ള മറ്റൊരു ജീവിതം. അങ്ങനെ നമുക്കാവുമോ?
ചരിത്രത്തിൽ സമാനതകളില്ലാത്ത ക്രൂരതകളുടെ പേരിൽ കുപ്രസിദ്ധി നേടിയിട്ടുള്ള ആളാണ് ഇറാഖ് പ്രസിഡന്റ് ആയിരുന്ന സദ്ദാം ഹുസ്സൈന്റെ മകൻ ഉദയ് സദ്ദാം ഹുസൈൻ. സത്യമോ, മിഥ്യയോ…ഇത് അയാളുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്തിട്ടുള്ള ഒന്നാന്തരമൊരു ത്രില്ലെർ ചിത്രമാണ്.
നിരവധി ശത്രുക്കളുള്ള, ഷിയാ-കുർദ്ദ് വംശജരുടെ വധഭീഷണി നേരിടുന്ന ഉദയ് സദ്ദാം ഹുസ്സൈന്റെ അപരനാക്കാൻ [ബോഡി ഡബിൾ / പൊളിറ്റിക്കൽ ഡെക്കോയ്] വേണ്ടിയാണ്, കാഴ്ചയിൽ ഉദയ്’യോട് അസാധാരണമായ രൂപസാദൃശ്യമുള്ള ലത്തീഫ് എന്ന ചെറുപ്പക്കാരനെ പട്ടാളക്കാർ ബലമായി സദ്ദാം ഹുസ്സൈന്റെ കൊട്ടാരത്തിലേക്ക് പിടിച്ചു കൊണ്ടുവരുന്നത്. ഉദയ് പങ്കെടുക്കേണ്ടിവരുന്ന പൊതുപരിപാടികളിലെല്ലാം ലത്തീഫിനെ ഉദയ് എന്ന വ്യാജേന അവതരിപ്പിക്കുകയും അതുവഴി രാജകുമാരനായ ഉദയ്’യുടെ ജീവൻ രക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു സൈന്യത്തിന്റെ ലക്‌ഷ്യം.
മയക്കുമരുന്നിന് അടിമയായ ഒരാളോടും സ്നേഹമോ സഹതാപമോ ഇല്ലാത്ത ക്രൂരനായ ഉദയ് യുടെ അപരനായി ജീവിക്കാൻ ലത്തീഫ് ഒട്ടും ആഗ്രഹിച്ചിരുന്നില്ല, എന്നാൽ രക്ഷപെടാൻ ശ്രമിച്ചാൽ തന്റെയും കുടുംബത്തിന്റെയും അന്ത്യമായിരിക്കും എന്നറിയാവുന്ന അയാൾ ഈ കഷ്ടപാടുകളിൽ നിന്ന് രക്ഷപ്പെടാനാവുന്നൊരു ദിവസത്തിനായി കാത്തിരുന്നു.
യഥാർത്ഥ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ് ഇതെന്നറിയുമ്പോൾ
അക്കാലത്ത് ഇയാളുടെ ക്രൂരതകൾ സഹിക്കേണ്ടി വന്ന നിരപരാധികളെ ഓർത്ത് നമ്മുടെ ഉള്ളൊന്നു കിടുങ്ങും. അയാളുടെ ക്രൂരതകൾ തെല്ലൊരു നടുക്കത്തോടെ മാത്രമേ നമുക്ക് കണ്ടിരിക്കാൻ സാധിക്കുകയുള്ളു.
ഇറാഖിന്റെ കുവൈറ്റ് അധിനിവേശവും, ഐക്യരാഷ്ട്രസഭയുടെ ഇടപെടലും, യുദ്ധവും എല്ലാം പശ്ചാത്തലത്തിൽ സംവിധായകൻ പറഞ്ഞുപോകുന്നുണ്ട്. ഉദയ്’യെയും ലത്തീഫിനെയും അസൂയാവഹമായ കയ്യൊതുക്കത്തോടെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ “ഡൊമിനിക് കൂപ്പർ”ന്റെ പ്രകടനമാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്.
തീർച്ചയായും കാണുക…..