ഭാഷ | നോർവീജിയൻ |
സംവിധാനം | മൈക്കൽ ബ്രാൻ സാൻഡെമോസ് |
പരിഭാഷ | ശ്രീജിത്ത് ബോയ്ക |
ജോണർ | ഫാന്റസി/അഡ്‌വെഞ്ചർ |
മുത്തശ്ശി കഥകളുടെ ദൃശ്യാവിഷ്കാരം നമുക്ക് എന്നും പ്രിയം തന്നെയാണ്. അത്തരത്തിലുള്ള ഒരു കെട്ട് കഥയുടെ ഒരു മികച്ച ആവിഷ്കാരമാണ് ദി അഷ് ലാഡ് : ഇൻ സെർച്ച് ഓഫ് ദി ഗോൾഡൻ കാസിൽ എന്ന ഈ സുന്ദരമായ നോർവീജിയൻ ചിത്രം. പുഴകളും, മലകളും, പൂക്കളും, കാടും, കടലും, രക്ഷസനും, നിധിയും എല്ലാമുള്ള ഒരു ഫാന്റസി അഡ്വെഞ്ചർ ചിത്രം. 2019 ഇൽ മൈക്കൽ ബ്രാൻ സാൻഡെമോസ് സംവിധാനം ചെയ്ത ഈ ചിത്രം ആഷ്‌ലാഡ് സീരീസിലെ രണ്ടാമത്തെ ചിത്രമാണ്.
ഒരു രാക്ഷസൻ തട്ടി കൊണ്ടുപോയ രാജകുമാരിയെ എസ്‌പെൻ എന്ന് യുവാവ് രക്ഷിക്കുന്നു. അതുകൊണ്ട് തന്നെ രാജകുമാരിയുടെ പിറന്നാൾ ആഘോഷ വിരുന്നിന്, അവൾ എസ്‌പെനെയും സഹോദരങ്ങളെയും ക്ഷണിക്കുന്നു. പക്ഷെ വിരുന്നിനിടയിൽ വൈൻ കുടിച്ച രാജാവും റാണിയും വിഷം ഉള്ളിൽ ചെന്ന് അത്യാസന്ന നിലയിൽ ആകുന്നു. വൈൻ വിളമ്പിയ എസ്‌പെന്റെ സഹോദരങ്ങളെ തുറങ്കലിലും അടക്കപ്പെടുന്നു. എന്നാൽ രാജാവിനെ രക്ഷിക്കാൻ ഉള്ള ഒരു ദിവ്യമായ ജലം സോറിയ മോറിയ കോട്ടയിൽ ഉണ്ടെന്ന് എസ്‌പെൻ പറയുന്നു. അന്വേഷിച്ച് പോയവർ ആരും തന്നെ മടങ്ങി വന്നിട്ടില്ലാത്ത ആ കോട്ടയും തേടി എസ്‌പെനും രാജകുമാരിയും യാത്ര തിരിക്കുന്നു. പിന്നീടുള്ള ഒരു മായാ ലോക കഥയാണ് ഈ ചിത്രം.
ചിത്രത്തിലെ ദൃശ്യ ഭംഗിയും മനോഹാരിതയും നമ്മെ ഒരു ഫാന്റസി ലോകത്തേക്ക് കൊണ്ടെത്തിക്കുന്നു. നോർവീജിയൻ പുരാണങ്ങളെ ബന്ധപ്പെടുത്തിയുള്ള ഈ ചിത്രത്തിന്റെ കഥ പറയുന്ന രീതിയും വ്യത്യസ്തമാണ്. ഒരു ഫാമിലി ഫാന്റസി ചിത്രം ഇഷ്ടപ്പെടുന്നവർക്ക് പൂർണ തൃപ്തി തരാൻ ചിത്രത്തിന് കഴിയുന്നു.