ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | സാം ഹ്യൂം |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | Nature documentary |
സാം ഹ്യൂം സംവിധാനം നിർവ്വഹിച്ച്, പോൾ റഡ് വിവരണം നൽകി 2020 ൽ ആപ്പിൾ ടി.വി.യിലൂടെ പുറത്തിറങ്ങിയ ഡോക്യുമെന്ററി സീരീസാണ് ‘ടൈനി വേൾഡ്’. 30 മിനിട്ട് ദൈർഘ്യമുള്ള ആറു എപ്പിസോഡുകളിലൂടെ 200-ളം വരുന്ന ചെറിയ ജീവികളുടെ അതിജീവനവും ജീവിതരീതികളുമാണ് ഇതിൽ പ്രതിപാദിക്കുന്നത്.
സാവന്ന എന്ന ഒന്നാം എപ്പിസോഡിൽ, ലോകത്തിലെ തന്നെ ഏറ്റവുമധികം മൈഗ്രേഷൻ നടക്കുന്ന ആസ്ട്രേലിയയിലെ സാവന്നയിലെ ചെറു ജീവികളെക്കുറിച്ചാണെങ്കിൽ, ജംഗിൾ എന്ന രണ്ടാം എപ്പിസോഡിൽ ഒരു മരത്തിൽ ജീവിക്കുന്ന ചെറു ജീവികളുടെ എക്കോ സിസ്റ്റം വളരെ അടുത്ത് കാണിച്ചു തരുന്നു. ഐലൻറ് എന്ന മൂന്നാം എപ്പിസോഡിൽ കരീബിയൻ ഐലന്റുകളിൽ വസിക്കുന്ന ചെറു ജീവികളുടെ അതിജീവനത്തിനായുള്ള പോരാട്ടങ്ങളും, ഔട്ട് ബാക്ക് എന്ന നാലാം എപ്പിസോഡിൽ ഓസ്ട്രേലിയയിലെ കാട്ടുതീ പടർന്നു പിടിക്കാൻ സാധ്യതയുള്ള പ്രദേശത്തു വസിക്കുന്ന ജീവികളെക്കുറിച്ചും, വുഡ്ലാന്റ് എന്ന അഞ്ചാം എപ്പിസോഡിൽ കാട്ടിൽ ജീവിക്കുന്ന ഒരു അണ്ണാനെ കേന്ദ്രീകരിച്ച് മുന്നോട്ടു പോകുന്നതും, ഗാർഡൻ എന്ന ആറാം എപ്പിസോഡിൽ നമ്മുടെ വീട്ടുമുറ്റത്തെ ഗാർഡനിലെ ജീവികളുടെ വിശേഷങ്ങളും കാണിച്ചു തരുന്നു.
ഇര പിടിക്കുന്നതിനായി ഒട്ടിപ്പിടിക്കുന്ന നൂലുകൾ സ്പ്രേ ചെയ്യുന്നതടക്കം വിവിധ തന്ത്രങ്ങൾ പ്രയോഗിക്കുന്ന പുഴുക്കളും, പ്രാണികളും, അരിമണിയുടെ വലിപ്പമുള്ള തവളകൾ തമ്മിലുള്ള പോരാട്ടം, കൈവെള്ളയിൽ കൊള്ളാൻ മാത്രം വലിപ്പമുള്ള ലോകത്തിലെ എറ്റവും ചെറിയ കുരങ്ങുകളുടെ പരാക്രമങ്ങൾ, വിവിധ പൂക്കളിലെ തേൻ കുടിക്കുന്നതിനായി പക്ഷികളുടെ കൊക്കിൽ ഒളിച്ചിരുന്ന് യാത്ര ചെയ്യുന്ന സൂഷ്മ കീടങ്ങൾ, പ്രജനനം നടത്തുന്നതിനായി കുത്തനെയുള്ള പാറക്കെട്ടുകൾ കയറി മുകളിലേക്ക് പോകുന്ന മീനുകൾ, കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനായി ചെറുജീവികൾ അവലംബിക്കുന്ന മാർഗ്ഗങ്ങൾ, അങ്ങനെ പ്രേക്ഷകർക്ക് അധികമൊന്നും പരിചിതമല്ലാത്ത മേഖലകളിലേക്ക് വ്യക്തമായ ദൃശ്യഭംഗിയോടെ ക്യാമറ എത്തിച്ചേരുന്നുണ്ട്.
ഏകദേശം 10 വർഷത്തോളമെടുത്ത് പൂർത്തിയാക്കിയ ഈ സീരീസിന്റെ 3000 ൽ പരം മണിക്കൂറുകളുള്ള ഫൂട്ടേജസ് ആണ് 30 മിനിട്ട് വീതമുള്ള 6 എപ്പിസോഡുകളിലായി വിവരിക്കുന്നത്.