ഭാഷ | ജാപ്പനീസ് |
സംവിധാനം | Takahiro Omori |
പരിഭാഷ | അനന്തു എ.ആർ |
ജോണർ | അനിമേഷൻ/ഡ്രാമ/ ഫാന്റസി |
ഡിസ്‌നിയും പിക്സാർ സ്റ്റുഡിയോയും ഒക്കെ ഇതിനോടകം ഒട്ടനവധി ത്രിമാന അനിമേഷൻ ചിത്രങ്ങൾ ഇറക്കിക്കഴിഞ്ഞു. അവയിൽ പലതും നമ്മുടെ ഇഷ്ടചിത്രങ്ങളാണ് താനും. എന്നാൽ അതുപോലെ ദ്വിമാന അനിമേഷൻ ചിത്രങ്ങൾക്ക് പേരുകേട്ട രാജ്യമാണ് ജപ്പാൻ. ജാപ്പനീസ് ഭാഷയിൽ അനിമേഷൻ ചിത്രങ്ങൾക്കായി പ്രത്യേക വിഭാഗം തന്നെയുണ്ട്. നമ്മൾ മലയാളികൾ ഇപ്പോഴും കാര്യമായ ഒരെത്തിനോട്ടം നടത്താത്ത ഒരു മേഖലയാണിത്. ഒരു സാധാരണ ചലച്ചിത്രത്തോട് കിടപിടിക്കുന്ന കഥയും ആസ്വാദനമികവും പ്രേക്ഷകന് സമ്മാനിക്കുന്ന, എണ്ണം പറഞ്ഞ ചിത്രങ്ങൾ ജാപ്പനീസ് ഭാഷയിലുണ്ട്. ആക്കൂട്ടത്തിൽ ഏറെ പ്രശംസിക്കപ്പെട്ട ഒന്നാണ്, Takahiro Ômori സംവിധാനം ചെയ്ത “ടു ദി ഫോറെസ്റ്റ് ഓഫ് ഫയർഫ്ലൈ ലൈറ്റ്സ്”. നാല്പത്തിയഞ്ച് മിനിറ്റ് മാത്രം ദൈർഖ്യമുള്ള ഈ അനിമേഷൻ ചിത്രം മനോഹരമായൊരു പ്രണയകാവ്യമാണ് എന്ന് പറയാം. കഥാനായിക, ചെറുപ്പത്തിൽ കാട്ടിലകപ്പെടുമ്പോൾ, ഒരാത്മാവ് അവളെ അവിടെ നിന്നും രക്ഷപ്പെടുത്തുന്നു. അവർ സുഹൃത്തുക്കളാവുകയും ചെയ്യുന്നു. ഈ ആത്മാവിന് ഒരു പ്രശ്നമുണ്ട്, മനുഷ്യർ ആരെങ്കിലും ആത്മാവിനെ സ്പർശിച്ചാൽ തൽക്ഷണം അത് അപ്രത്യക്ഷമാകും. ഇക്കാര്യമറിയുന്ന നായികയുടെ പ്രതികരണവും മുന്നോട്ടുള്ള അവരുടെ ജീവിതവുമാണ് ചിത്രത്തിന്റെ കഥാതന്തു. ഫീൽ ഗുഡ് സിനിമകൾ ഇഷ്ടപ്പെടുന്നവർ ഉറപ്പായും ഈ ചിത്രം കണ്ടിരിക്കണം, ഇതിനുവേണ്ടി കളയുന്ന നാല്പത്തിയഞ്ച് മിനിറ്റ് സമയം നിങ്ങൾക്ക് പാഴാവില്ലെന്ന് മാത്രമല്ല, നിങ്ങൾ ഇനി മുതൽ ജാപ്പനീസ് അനിമേഷൻ ചിത്രങ്ങൾ തേടിപ്പിടിച്ചു കാണാനും തുടങ്ങും.