ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | എലി ക്രെയ്ഗ് |
പരിഭാഷ | വിഷ്ണു സി. നായർ, സൗപർണിക വിഷ്ണു, അനന്തു എ ആർ |
ജോണർ | കോമഡി/ഹൊറർ |
എലി ക്രെയ്‌ഗിന്റെ സംവിധാനത്തിൽ 2010 ൽ പുറത്തിറങ്ങിയ കോമഡി – ഹൊറർ ചിത്രമാണ് ടക്കർ & ഡെയ്ൽ vs. ഈവിൾ. സംവിധായകനായ എലി ക്രെയ്‌ഗും മോർഗൻ ജർഗൻസണും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. അവധിക്കാലത്ത് ക്യാമ്പിങ്ങിനായി പോകുന്ന ഒരുകൂട്ടം കോളേജ് വിദ്യാർത്ഥികളെ ചുറ്റിപ്പറ്റിയാണ് കഥ ആരംഭിക്കുന്നത്. ഇതേ സമയം സുഹൃത്തുക്കളായ ടക്കറും ഡെയ്ലും പുതുതായി വാങ്ങിയ അവരുടെ മലമുകളിലെ അവധിക്കാല വസതിയിലേക്കുള്ള യാത്രയിലാണ്. അല്ലറ ചില്ലറ അറ്റകുറ്റപ്പണികൾ തീർക്കാനുള്ളതിനാൽ, അതിനുള്ള സാമഗ്രികൾ ഒക്കെയായിട്ടാണ് യാത്ര. പോകുന്ന വഴിയിൽ ഒരു ഗ്യാസ് സ്റ്റേഷനിൽ വച്ച് രണ്ട് കൂട്ടരും കണ്ടുമുട്ടുന്നു. അന്നേരം തന്നെ ടക്കറും ഡെയ്ലും അത്ര നല്ല ആൾക്കാരല്ല എന്നുള്ളൊരു ധാരണ കോളേജ് വിദ്യാർത്ഥികളിൽ ഉടലെടുക്കുന്നു. തുടർന്ന് രണ്ട് കൂട്ടരും അവരവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുകയും യാദൃശ്ചികമായി അവർക്ക് തമ്മിൽ വീണ്ടും കാണേണ്ടി വരികയും ചെയ്യുന്നിടത്ത് യഥാർത്ഥ സംഭവങ്ങൾ ആരംഭിക്കുകയാണ്.
പിന്നീടങ്ങോട്ട് കാണുന്നതൊക്കെ ചോരക്കളിയാണെങ്കിലും, മികച്ച രീതിയിൽ നർമ്മത്തിന്റെ മേമ്പൊടി പൂശി തീർത്തും ആസ്വാദ്യകരമായിത്തന്നെ സംവിധായകൻ കഥ പറഞ്ഞുപോകുന്നുണ്ട്. മനസ്സറിഞ്ഞു ചിരിക്കാനുള്ള വക ചിത്രത്തിൽ സംവിധായകൻ ഒരുക്കി വയ്ച്ചിട്ടുണ്ട് എന്ന് സാരം. ഒന്നരമണിക്കൂർ മാത്രം ദൈർഖ്യമുള്ള, ലോകത്താകമാനം 5.2 മില്യൺ ഡോളർ കളക്ഷൻ വാരിക്കൂട്ടിയ ഈ കുഞ്ഞു ചിത്രം, കോമഡി ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ ഉറപ്പായും കണ്ടിരിക്കേണ്ട കൾട്ട് ക്ലാസ്സിക്കുകളിൽ ഒന്നാണ്.