ഭാഷ | പോളിഷ് |
സംവിധാനം | Michal Otlowski |
പരിഭാഷ | പ്രജി അമ്പലപ്പുഴ |
ജോണർ | ക്രൈം/ത്രില്ലർ |
പെട്ടന്നൊരു ദിവസത്തിൽ രണ്ട് പോലീസുകാർ ആ ടൗണിൽ നിന്നും അപ്രത്യക്ഷരായതിന് തൊട്ട് പിന്നാലെയാണ് നദിക്കരയിൽ നിന്നും കൊല ചെയ്യപ്പെട്ട രീതിയിൽ ഒരു യുവതിയുടെ മൃതദേഹം പോലിസ് കണ്ടെത്തുന്നത്. കാണാതായവരിൽ ഒരാൾ പട്ടണത്തിലെ തന്നെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥയായ ‘ഇസ ഡെറാനി’ന്റെ ഭർത്താവുമായിരുന്നു !
ഗർഭിണിയായ ഇസ അന്വേഷണങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഒരു ചെറിയ സൂചന പോലും ബാക്കി വെക്കാതെ ശൂന്യതയിൽ മറഞ്ഞ അവരുടെ പ്രിയതമന് എന്ത് സംഭവിച്ചു എന്ന് മനസ്സിലാക്കുന്നതോടൊപ്പം, പൊലീസിന് കിട്ടിയ യുവതിയുടെ മൃതദേഹത്തിന് പിന്നിലെ നിഘൂടതകളും അവർക്ക് കണ്ടെത്തെണ്ടതുണ്ടായിരുന്നു. കാരണം ആ രണ്ട് സംഭവങ്ങളും ഏതോ വിധത്തിൽ ബന്ധപ്പെട്ടു കിടക്കുന്നുണ്ട് എന്നൊരു സൂചന അവർക്ക് അന്വേഷണങ്ങളുടെ തുടക്കത്തിൽ തന്നെ ലഭിക്കുന്നു.കേസ് അന്വേഷണങ്ങൾ അവരെ എത്തിച്ചത് ആ പട്ടണത്തിന്റെ ഭൂതകാലത്തിൽ ഒളിഞ്ഞിരിക്കുന്ന ദുരൂഹതകൾ ഏറെയുള്ള ചില രഹസ്യങ്ങളിലേക്കും, അവിശ്വസനീയമായ പല സത്യങ്ങളിലെക്കുമായിരുന്നു !
പതിഞ്ഞ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു കുറ്റാന്വേഷണ സിനിമയാണ് 2014 ൽ പോളിഷ് ഭാഷയിൽ ഇറങ്ങിയ Jeziorak. ഒരു ഡാർക്ക് മൂഡിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രം. ഗംഭീരം എന്ന് പറയാനൊക്കില്ലങ്കിലും കുറ്റാന്വേഷണ സിനിമകൾ/ക്രൈം മിസ്റ്ററികൾ എന്നിവയിൽ താല്പര്യമുള്ളവർക്ക് ഇഷ്ടമാവാൻ സാധ്യതയുണ്ട്.
അമിതപ്രതീക്ഷയിൽ സമീപിക്കരുതെന്ന് മാത്രം.
പതിയെ ചുരുളഴിയുന്ന രഹസ്യങ്ങളും, അവസാന ഭാഗങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളും, ഞെട്ടിക്കുന്ന തരത്തിലുള്ളതല്ലെങ്കിലും പ്രതീക്ഷിക്കാത്തൊരു ട്വിസ്റ്റും എല്ലാം കണ്ടിരിക്കാവുന്നൊരു ത്രില്ലറാക്കി മാറ്റുന്നുണ്ട് ഈ ചിത്രത്തെ.