” I feel so Full and Empty at the same time.
– Roopa Rao, Gantumoote ”
കഴിഞ്ഞുപോയ കാലത്തിലേക്ക് മലർക്കേ തുറന്നിട്ട ഒരു കവാടമാണ് ഗണ്ടുമൂട്ടെ. തൂലിക ചലിപ്പിച്ചതും വാക്കുകളെ കാഴ്ചകളാക്കി മാറ്റിയതും ഒരു സ്ത്രീ ആയതിനാലാവാം, ഈ ചിത്രം നമ്മൾ കാണുന്നത് ഒരു പെൺകുട്ടിയുടെ കണ്ണുകളിലൂടെയാണ്. പതിനാറാം വയസ്സിൽ യുവത്വത്തിന്റെ തീഷ്ണതയിൽ ഉടലെടുക്കുന്ന ഒരു ആകർഷണം… അത് പിന്നെ പ്രണയമായി വളർന്ന്, മനസ്സിലേക്ക് പടർന്ന് ഒടുവിൽ ആത്മാവിനെ പറിച്ചെറിയാൻ തക്ക വണ്ണം ഒരു വിങ്ങലായി അടക്കി നടക്കേണ്ടി വരുന്ന കഥാപാത്രത്തെ നമ്മൾ ഈ ചിത്രത്തിൽ പലയാവർത്തി കാണുന്നുണ്ട്. മീരയും മധുവും, പല സമയങ്ങളിൽ നമ്മൾ തന്നെയല്ലേ എന്ന ചിന്ത കാഴ്ചക്കാരനെ ഒരു നിമിഷം അലട്ടും. രൂപ റാവു എന്ന സംവിധായികയുടെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു ഈ ചിത്രം. ആ ഒരു പതിറ്റാണ്ടിന്റെ രത്നം എന്നാണ് പല നിരൂപകരും ഈ ചിത്രത്തെ വിശേഷിപ്പിച്ചത്.
പ്രണയം, വിരഹം, ഒറ്റപ്പെടൽ എന്നിങ്ങനെ അനവധി വൈകാരിക തലങ്ങളിലൂടെ മീര കടന്നു പോകുന്നുണ്ട്. മീരയോടൊപ്പം നമ്മളും.ഓരോ കാഴ്ച്ചക്കാരനും കാണുന്നത് അവന്റെ ജീവിതശകലങ്ങളോട് ചേർത്ത് വയ്ക്കാവുന്ന രണ്ടുപേരെയാവണം എന്ന് രൂപ റാവു കണക്കാക്കിയിരുന്നു എന്ന് വേണം കരുതാൻ
ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തേജു ബലവാഡി വളരെ മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്. അവതരണത്തിലെ വ്യത്യസ്തത കൊണ്ടും ശക്തമായ പ്രമേയവും അതിനൊത്ത തിരക്കഥയും കൊണ്ടും ഗണ്ടുമൂട്ടെ ഒട്ടനവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തു.
അവയിൽ ചിലത് ചുവടെ ചേർക്കുന്നു…
1. Nomination: Best Film in Critics Choice awards 2020 (Mumbai)
2. Nomination: Best Film Critics awards 2020 (Karnataka)
3. Best Screenplay: NYIFF 2019
4. Nomination: Best Film in OIIFA 2019
5. Finalist: International Women Film Festival 2019
സിനിമയെ സ്നേഹിക്കുന്നവർ, സിനിമയിൽ വ്യത്യസ്തത ഇഷ്ടപ്പെടുന്നവർ, നേർക്കാഴ്ചകളെ പ്രണയിക്കുന്നവർ, ഒരു തവണയെങ്കിലും പ്രണയിച്ചവർ, കോമ്പസ് കൊണ്ടു കയ്യിൽ പ്രണയിനിയുടെ പേരിന്റെ ആദ്യാക്ഷരം കുറിച്ചവർ, ഒരു ചോറ്റുപാത്രം പങ്കിട്ടു കഴിച്ചവർ, ആരും കാണാതെ അവളോട് ചുംബനം ചോദിച്ചവർ…… ഒക്കെ കാണണം… കൊഴിഞ്ഞുവീണ കാലത്തിന്റെ ഇതളുകൾ തിരികെ ചേരും പോലൊരു അനുഭൂതി നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ…