ഭാഷ | ഐസ്ലാന്റിക് |
സംവിധാനം | Baltasar Kormákur |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | സ്‌കൈ-ഫൈ/ത്രില്ലർ/സീരീസ് |
തെക്കൻ ഐസ്ലാൻ്റിലെ വളരെ സജീവമായ ഒരു അഗ്നിപർവ്വതമാണ് കറ്റ്ല. 1918 നും 30 നുമിടയിൽ ഇരുപതോളം ശക്തമായ പൊട്ടിത്തെറികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂഗർഭ ചലനങ്ങൾ മൂലം വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ടെങ്കിലും ഹിമത്തിൻ്റെ ഉപരിതല ഫലകം പൂർണ്ണമായും തകരാത്തതിനാൽ ശക്തമായ ഒരു ലാവാപ്രവാഹം ഉണ്ടായിട്ടില്ല. ഇതിനെ അടിസ്ഥാനമാക്കി നെറ്റ്ഫ്ലിക്സിലൂടെ 2021 ൽ പുറത്തിറങ്ങിയ സീരീസാണ് കറ്റ്ല.
വിക് എന്നൊരു ചെറിയ പട്ടണം, അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനു ശേഷമുള്ള കാലം. ആളുകളെല്ലാം ഒഴിഞ്ഞു പോയതിനു ശേഷം അവിടെ താമസിക്കുന്ന ഏതാനും ചിലർ. ചാരം നിറഞ്ഞ കാറ്റിൽ പൊടിപിടിച്ച വാഹനങ്ങളും വീടുകളും അതിനിടയിൽ ഹിമാനിയിൽ സംഭവിക്കുന്ന അത്ഭുത പ്രതിഭാസങ്ങളും. ഈ ദുരൂഹ സംഭവങ്ങൾ ആധുനികശാസ്ത്രത്തോടും ഐസ്ലാൻ്റിലെ നാടോടിക്കഥകളോടും ബന്ധപ്പെട്ടിരിക്കുന്നു. ഹിമാനിയുടെ ഉള്ളിലാണ് ഇതിൻ്റെ രഹസ്യം സ്ഥിതി ചെയ്യുന്നത്.
ആദ്യ ഭാഗത്ത് സൃഷ്ടിക്കപ്പെടുന്ന ദുരൂഹത അവസാനം വരെ നിലനിർത്തുന്നതിന് സാധിച്ചിട്ടുണ്ട്. ഓരോ ഭാഗത്തിൻ്റെയും അവസാനം ഒരു മികച്ച ട്വിസ്റ്റോടു കൂടിയാണ് അവസാനിക്കുന്നത്.
മികച്ച ഡാർക്ക് വൈബ്സ് നൽകുന്ന കറുത്ത ബീച്ചുകൾ, പാറക്കെട്ടുകൾ, ലാൻഡ് സ്കേപ്പുകൾ എന്നിവ ദൃശ്യഭംഗിയോടെ ഒപ്പിയെടുത്തിരിക്കുന്നതോടൊപ്പം ത്രില്ലടിപ്പിക്കുന്ന രീതിയിലുള്ള പശ്ചാത്തല സംഗീതവും സീരിസ് പ്രേമികൾക്ക് ഒരു ദൃശ്യവിരുന്നായിരിക്കുമെന്നതിൽ സംശയമില്ല.