ഭാഷ | ചൈനീസ് |
സംവിധാനം | ഡാന്റെ ലാം |
പരിഭാഷ | അനന്തു എ.ആർ |
ജോണർ | ആക്ഷൻ/അഡ്വഞ്ചർ |
നാല് രാജ്യങ്ങളാൽ ചുറ്റപ്പെട്ട “ഗോൾഡൻ ട്രയാങ്കിൾ” എന്നപേരിൽ അറിയപ്പെടുന്ന ഒരു ഘോരവനത്തെ അടക്കി വാഴുന്ന ഒരുകൂട്ടം മയക്കുമരുന്ന് മാഫിയ 2011 ഇൽ മെകോങ് നദിയിൽ നടത്തിയ കൂട്ടക്കൊലയും അതിന് ബദലായി നടന്ന ആർമി ഓപ്പറേഷനും ആസ്പദമാക്കി പുറത്തിറങ്ങിയ ചൈനീസ് ചിത്രമാണ് “ഓപ്പറേഷൻ മെകോങ്”. ഒരേ സമയം നാല് രാജ്യങ്ങൾക്ക് തലവേദനയായി മാറിയ നാവ് ഖർ എന്ന കറുപ്പ് വ്യാപരിയും അയാളുടെ സംഘവും ഗോൾഡൻ ട്രയാങ്കിളിന്റെ വന്യതയിൽ ഒളിച്ചിരുന്ന് നടത്തുന്ന ക്രൂരതകൾക്ക് അറുതി വരുത്താൻ ചൈനീസ്, മ്യാൻമർ, തായ്ലാൻഡ്, ലാവോസ് സർക്കാരുകൾ സംയുക്തമായി നടത്തുന്ന ഈ ഓപ്പറേഷൻ സീനുകൾ ശരിക്കുമൊരു ആക്ഷൻ പാക്കേജ് തന്നെയാണ്. ഗോൾഡൻ ട്രയാങ്കിളിലേക്ക് എത്തിപ്പെടാൻ നർക്കോട്ടിക്‌സ് ഉദ്യോഗസ്ഥർ നടത്തുന്ന ധീരമായ മുന്നേറ്റങ്ങൾ ശരിക്കും പ്രേക്ഷകനെ ത്രില്ലടിപ്പിക്കുമ്പോൾ, കമ്പപ്പുരയ്ക്ക് തിരികൊളുത്തിയ കണക്കിന് അത്യാധുനിക ആയുധങ്ങളുടെ അകമ്പടിയോടെ ഉൾവനത്തിലെ ആർമി അറ്റാക്ക് നിറഞ്ഞ അവസാന 30 മിനിറ്റ്, ഈ സിനിമയെ തീർത്തും മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. ആക്ഷൻ, അഡ്വെഞ്ചർ പ്രേമികൾക്ക് ഈ ചിത്രം എന്നെന്നും ഒരു മുതൽക്കൂട്ട് തന്നെയാണ്.