ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | റോബർട്ട് എൻറികൊ |
പരിഭാഷ | അനന്തു എ.ആർ |
ജോണർ | ബ്ലാക്ക് & വൈറ്റ്/ഷോട്ട് ഫിലിം/അഡ്‌വെഞ്ചർ /ഡ്രാമ |
എഴുത്തുകാരനും, അമേരിക്കൻ ആഭ്യന്തരയുദ്ധ സൈനികനുമായ ആംബ്രോസ് ബയേഴ്‌സിന്റെ “ഒക്യൂറൻസ് അറ്റ് ഓൾ ക്രീക്ക് ബ്രിഡ്‌ജ്” എന്ന ചെറുകഥയെ ആസ്പദമാക്കി അതേ പേരിൽ പുറത്തിറങ്ങിയ ഹ്രസ്വചിത്രം എന്നതിലുപരി അമേരിക്കൻ ടെലിവിഷൻ രംഗത്ത് ഒരു വിസ്ഫോടനം ഉണ്ടാക്കിയ മികച്ച ഒരു കലാസൃഷ്ടിയാണ് ഈ ചിത്രം. 1860കളിലെ ആഭ്യന്തരയുദ്ധ കാലത്ത്, കുറ്റാരോപിതനായി വധശിക്ഷ വിധിക്കപ്പെട്ട ഒരു അമേരിക്കൻ പൗരനിലൂടെ മുന്നോട്ട് പോകുന്ന ഈ ചിത്രം അതിജീവനത്തിനു കൊതിക്കുന്ന ഒരു പച്ചയായ മനുഷ്യന്റെ നിശ്വാസം പോലും അതിന്റെ എക്‌സ്ട്രീം ലെവലിൽ പ്രേക്ഷകനിലേക്ക് എത്തിക്കുന്നു. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത്, ഇതിന്റെ ക്ലൈമാക്‌സ് അവതരണ രീതിയാണ്. ആ കാലത്ത് ടെലിവിഷൻ ബ്രോഡ്കാസ്റ്റിങ് രംഗത്ത് ഈ ക്ലൈമാക്‌സ് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. തീർത്തും ഒരു mind blowing പര്യവസാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒന്ന്. ഇന്നും ചലച്ചിത്ര വിദ്യാർത്ഥികൾക്ക് ഒരു അധ്യായമായി നിലകൊള്ളുന്ന ഈ ചിത്രം 1962 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഷോട്ട് സബ്ജക്ട് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1963 ലെ അക്കാദമി അവാർഡ് വേദിയിൽ മികച്ച ലൈവ് ആക്ഷൻ ഷോട്ട് ഫിലിമെന്ന നേട്ടവും സ്വന്തമാക്കി. 2015ഇൽ കാലിഫോർണിയയിൽ നടന്ന ഫിലിം ആർച്ചീവിൽ എക്കാലത്തെയും മികച്ച കലാസൃഷ്ടികളിൽ ഒന്നായി പരിഗണിച്ച് ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.