ഭാഷ | ഡാനിഷ് |
സംവിധാനം | റോണി എസ്ര |
പരിഭാഷ | അനന്തു എ.ആർ |
ജോണർ | ഹിസ്റ്ററി/വാർ |
യുദ്ധങ്ങൾ എപ്പോഴും ഓർക്കപ്പെടുന്നത് വിജയിക്കുന്നവരുടെ പേരിൽ മാത്രമാണ്. എന്നാൽ സ്വന്തം രാജ്യത്തിനായി സധൈര്യം പോരാടി പരാജയപ്പെട്ട അറിയപ്പെടാത്ത ഒരുപാട് വീരനായകന്മാരുണ്ട്. സഹജീവികളുടെ കണ്ണീരിന് മുന്നിൽ സ്വയം തോൽവി ഏറ്റുവാങ്ങേണ്ടി വന്ന ചിലർ. അപ്രതീക്ഷിതമായി ഉണ്ടായ ജർമ്മൻ മുന്നേറ്റത്തെ തടുക്കാൻ ശ്രമിക്കുന്ന ഒരു ഡെന്മാർക്ക് ആർമി ബൈസൈക്കിൾ യൂണിറ്റിന്റെ കഥ പറയുന്ന, 2015ൽ പുറത്തിങ്ങിയ ഡാനിഷ് ചിത്രമാണ് ഏപ്രിൽ 9th എന്ന വാർ മൂവി. 1940 ഏപ്രിൽ 8ആം തിയതി അർദ്ധരാത്രിയിൽ കവചിത വാഹനങ്ങളും, ടാങ്കുകളുമൊക്കെയായി ജർമ്മനിയുടെ കൂറ്റൻ സേന ഡെന്മാർക്കിനെ ആക്രമിക്കുന്നു. അതിർത്തി കടന്നുവരുന്ന ഇവരെ തടയാൻ ഡാനിഷ് സർക്കാർ അവധിക്കാല പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന ഒരു സൈനിക പ്ലാറ്റൂണിനെ ചുമതലപ്പെടുത്തുന്നു. സഹായസേനകൾ എത്തുന്ന വരേക്കും, കയ്യിൽ അവശേഷിക്കുന്ന ബുള്ളറ്റുകളുമായി ജർമ്മൻ സേനയെ തടഞ്ഞുനിർത്താൻ ശ്രമിക്കുന്ന ഒരുപറ്റം സൈനികരുടെ ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സംവിധായകൻ റോണി എസ്രയും ഡെന്മാർക്ക് ചലച്ചിത്ര അക്കാദമിയും ഒരുമിച്ച് പണം മുടക്കിയ ഈ ചിത്രത്തിന്റെ നിർമ്മാണത്തിന് ഡാനിഷ് ആർമിയുടെ നേരിട്ടുള്ള സഹായവും ഉണ്ടായിരുന്നു. വാർ മൂവി ആരാധകർക്ക് തീർച്ചയായും കണ്ടുനോക്കാവുന്ന ഒരു സിനിമ തന്നെയാണ് ഏപ്രിൽ 9th.