ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Marc Forster |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ഡ്രാമ/കോമഡി |
ഫ്രെഡറിക് ബാക്ക്മാൻ്റെ പ്രസിദ്ധമായ സ്വീഡിഷ് നോവലിനെ ആസ്പദമാക്കി 2022 ൽ പുറത്തിറങ്ങിയ ചിത്രമാണ്, A Man called OTTO.
ഭാര്യയുടെ മരണശേഷം ഏകനായിത്തീർന്ന ഓട്ടോ ആൻ്റേഴ്സൺ അവളോടൊപ്പം ചേരുന്നതിനായി ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണ്. താമസിക്കുന്ന തെരുവിലേക്ക് വാഹനങ്ങളും മറ്റും നിയമം ലംഘിച്ച് കടന്നു കയറുന്നത് അയാൾക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. തൻ്റേതായ ഒരു ലോകത്തിൽ ജീവിക്കുന്ന ഓട്ടോയ്ക്ക്, സ്വന്തം കാര്യത്തിൽ ശ്രദ്ധിക്കാതെ മറ്റുള്ളവരുടെ ജീവിതത്തിൽ തലയിടുന്നവർ എല്ലാവരും വെറും വിഡ്ഢികളാണ്. മരിക്കാനായി തയ്യാറെടുക്കുന്ന ഓട്ടോയുടെ ജീവിതത്തിലേക്ക് അയൽപക്കത്ത് വാടകയ്ക്ക് താമസിക്കാനായി ഒരു കുടുംബം വരുന്നതോടെയാണ് വഴിത്തിരിവാകുന്നത്. പരുക്കനായ ആ മനുഷ്യനിലെ അലിവും സഹാനുഭൂതിയും നമ്മൾ അറിയാനിരിക്കുന്നതേയുള്ളൂ.
ഓട്ടോയായി അതുല്യ നടൻ ടോം ഹാങ്ക്സും, ഇടിച്ചു കയറി ബന്ധം സ്ഥാപിക്കുന്ന അയൽക്കാരി മാരിസോളിനെ അവതരിപ്പിച്ച മരിയാന ട്രെവിസും ഗംഭീര പ്രകടനമാണ് കാഴ്ച്ചവച്ചിരിക്കുന്നത്. സ്നേഹത്തിൻ്റെ വിലയെന്തെന്ന് കാണിച്ചു തരുന്ന മികച്ച ഒരു ഫീൽഗുഡ് ചിത്രം.