ഭാഷ | കൊറിയൻ |
സംവിധാനം | Yoo-haa |
പരിഭാഷ | നെവിൻ ബാബു & കെവിൻ ബാബു |
ജോണർ | ആക്ഷൻ/ത്രില്ലെർ |
Yoo ha സംവിധാനം ചെയ്ത്,The great battle എന്ന ചിത്രത്തിലൂടെ മലയാളി കൊറിയൻ സിനിമ ആരാധകർക്കിടയിൽ ജനപ്രീതി നേടിയ Jo in-sung പ്രധാന വേഷത്തിലെത്തിയ 2006 ൽ റിലീസ് ചെയ്ത ഗ്യാങ്സ്റ്റർ ചിത്രമാണ് എ ഡേർട്ടി കാർണിവൽ.
കിം ബ്യുങ്-ഡൂ ഒരു ചെറിയ ഗുണ്ടാ ഗ്യാങിന്റെ നേതാവാണ്. മുകളിൽ നിന്ന് ലഭിക്കുന്ന ഉത്തരവുകൾ നടപ്പിലാക്കുക മാത്രമാണ് ഇവരുടെ ജോലികൾ. അയാൾക്ക് തന്റെ ബോസ്സിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് തന്റെ കുടുംബത്തെയും തന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗ്യാങിനെയും നോക്കാനാകുന്നില്ല. നഗരത്തിലെ തന്നെ മറ്റു ഗുണ്ടാ സംഘങ്ങളുമായുള്ള ഏറ്റുമുട്ടലുകളും പതിവാണ്. ഇതിനിടയിലാണ് കിം ബ്യുങ്-ഡൂ തന്റെ ബാല്യകാല സുഹൃത്തായ മിൻ ഹോയെ കണ്ടുമുട്ടുന്നത്. മിൻ ഹോ സിനിമ സ്വപ്നം കണ്ട് ജീവിക്കുന്ന ഒരു ചെറുപ്പക്കാരനാണ്. താൻ സംവിധാനം ചെയ്യാൻ പോകുന്ന ഗ്യാങ്സ്റ്റർ ചിത്രത്തിനുള്ള കഥയ്ക്കും ഗുണ്ടാ സംഘങ്ങളുടെ ജീവിതം നേരിൽ കണ്ട് മനസ്സിലാക്കാനും മിൻ ഹോ, ബ്യുങ് ഡൂ വിന്റെ കൂടെ ചേരുന്നു. കലാലയ ജീവിതത്തിനിടയിൽ പറയാതെ പോയ പ്രണയം തുറന്നു പറയാൻ ഒരു അവസരവുമായി തന്റെ പഴയ സുഹൃത്ത് ഹ്യുൻ ജു, അയാളുടെ ജീവിതത്തിലേക്ക് വീണ്ടും കടന്നു വരുന്നതും, അതിജീവനത്തിനായി അയാൾ ചെയ്യുന്ന ഓരോ കാര്യങ്ങളും ഊരാകുടുക്കുകളാകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
നഗരത്തിലെ പ്രധാന മുതലാളി വർഗ്ഗത്തിനും രാഷ്ട്രീയ നേതാക്കൾക്കും വേണ്ടി ഗുണ്ടാ പണി ചെയ്യുന്ന താഴെ തട്ടിലുള്ള ആളുകളുടെ പച്ചയായ ജീവിതം വരച്ചു കാണിക്കുന്ന ഒരു ചിത്രമാണ് എ ഡേർട്ടി കാർണിവൽ. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഗ്യാങ് വാറും ഉൾപോരും ഒട്ടും രസം ചോരാതെ തന്നെ ചിത്രത്തിൽ കാണാനാകും. ബിജിഎം സ്കോർ, ഛായാഗ്രഹണം, എഡിറ്റിംഗ്, അഭിനയം, കഥാ സന്ദർഭം എന്നിവയെല്ലാം മികച്ചു തന്നെ നിൽക്കുന്നു. എടുത്തു പറയേണ്ടത് ചിത്രത്തിലെ ആക്ഷൻ രംഗങ്ങളുടെ പച്ചയായ ആവിഷ്കരണമാണ്. മറ്റു കൊറിയൻ ഗ്യാങ്സ്റ്റർ ചിത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ അനുഭവമായിരിക്കും ഈ ചിത്രം നിങ്ങൾക്ക് സമ്മാനിക്കുക.