ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | robert clouse |
പരിഭാഷ | ജ്യോതിഷ്. സി |
ജോണർ | ആക്ഷൻ |
ബ്രൂസ് ലീ, ജോൺ സാക്സൺ, ജിം കെല്ലി തുടങ്ങിയവർ അഭിനയിച്ചു അമേരിക്കൻ ഹോങ്കോങ് കോ പ്രൊഡക്ഷനിൽ 1973 ൽ പുറത്തിറങ്ങിയ ചിത്രമാണ് എന്റർ ദി ഡ്രാഗൺ. 1973 ഓഗസ്റ്റ് 19 ന് പുറത്തിറങ്ങിയ ഈ ചിത്രം കാണാൻ പക്ഷേ ബ്രൂസ് ലീ ഉണ്ടായിരുന്നില്ല. പടം പുറത്തിറങ്ങുന്നതിന് ഒരു മാസം മുൻപ് അതായത് ജൂലൈ 20 ന് അദ്ദേഹത്തിന്റെ 32ആം വയസ്സിൽ ബ്രൂസ് ലീ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു.
ഹോളിവുഡിൽ അന്നേ വരെയുണ്ടായിരുന്ന സകല ആക്ഷൻ സിനിമ സങ്കല്പങ്ങളെയും പൊളിച്ചെഴുതിയ ഈ ചിത്രം ബ്രൂസ് ലീയുടെ ആദ്യത്തെയും അവസാനത്തെയും ഹോളിവുഡ് ചിത്രമായിരുന്നു.
കൊടുംകുറ്റവാളി ഹാനിന്റെ സ്വകാര്യ ദ്വീപിൽ, അയാൾ
മൂന്നു വർഷം കൂടുമ്പോൾ നടത്തുന്ന മാർഷ്യൽ ആർട്സ് ടൂർണമെന്റിൽ പങ്കെടുക്കാൻ ബ്രിട്ടീഷ് ഇന്റലിജിൻസ് ഏജൻസിയുടെ ചാരനായി ലീ ചെല്ലുന്നതും അവന് അവിടെ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെയുമൊക്കെ കിടിലൻ ആക്ഷൻ രംഗങ്ങളുടെ അകമ്പടിയോടെയാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ മികച്ച ആക്ഷൻ ചിത്രങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ള ഈ ചിത്രം വളരെ കുറഞ്ഞ ബഡ്‌ജറ്റിലാണ് പൂർത്തിയായതെങ്കിലും നിർമാതാക്കളെ ഞെട്ടിച്ചു കൊണ്ട് ബോക്സ്ഓഫീസിൽ നിന്ന് ദശലക്ഷങ്ങളാണ് വാരികൂട്ടിയത്. ഇന്നും ഈ ചിത്രത്തിന് ആരാധകർ ഏറെയാണ്.
മലയാളികൾ ‘നെഞ്ചക് ‘ എന്ന് വിളിക്കുന്ന ആയുധം കൊണ്ട് എതിരാളികളെ തലങ്ങും വിലങ്ങും തല്ലിയോടിക്കുന്ന ആ കുറിയ മനുഷ്യന്റെ ചിത്രം ഇന്നും മലയാളികളുടെ മനസ്സിൽ ഒരു വേദനിക്കുന്ന ഓർമയാണ്. ഈ കഴിഞ്ഞ ജൂലൈയിൽ അദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞിട്ട് 47 വർഷങ്ങൾ കഴിഞ്ഞു. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ഞങ്ങൾ ഈ സബ്ടൈറ്റിൽ സമർപ്പിക്കുന്നു.