ഭാഷ | ഇൻഡോനേഷ്യൻ |
സംവിധാനം | Robby Ertanto |
പരിഭാഷ | ശ്രീജിത്ത് ബോയ്ക |
ജോണർ | ഡ്രാമ/റൊമാൻസ് |
എല്ലാ കാലവും കലാകാരന്മാർ ഏറ്റവുമധികം വാഴ്ത്തിപ്പാടാൻ ഇഷ്ടപ്പെട്ടിട്ടുള്ള ഒരു വികാരമാണ് പ്രണയം. പ്രണയത്തിന്റെ ആഴവും, അതിലെ വേദനയും സഹനവും അരുതായ്മകളിൽ നിന്നുള്ള പ്രത്യാഘാതങ്ങളും ഒക്കെ പലകുറി ചലച്ചിത്രലോകത്ത് ചർച്ച ചെയ്യപ്പെടുകയും അർഹിച്ച വിജയം നേടുകയും ചെയ്തിട്ടുണ്ട്. ഇവിടെയും വിഷയം പ്രണയം തന്നെ, എന്നാൽ ഒറ്റനോട്ടത്തിൽ സാധാരണഗതിയിൽ ചിന്തിച്ചാൽ അരുതാത്ത ഒന്നാണെന്ന് മാത്രം. 1980 കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. മുസ്ലിം കുടുംബത്തിലെ നാൽപതുകാരിയായ ഒരു സ്ത്രീ, കാത്തോലിക്കാ സമുദായത്തിൽ കന്യസ്ത്രീയായി ചേരുന്നു. കർത്താവിന്റെ മണവാട്ടിയായി ജീവിതം നയിക്കുന്നതിനിടയിൽ, അവരുടെ പള്ളിയിൽ സ്ഥലം മാറി വരുന്ന, സംഗീതത്തിൽ അഗ്രഗണ്യനായ, സുമുഖനായ പാസ്റ്ററോട് നായികയ്ക്ക് പ്രണയം മുളപൊട്ടുന്നു. അരുതാത്തത് എന്നറിഞ്ഞുകൊണ്ട് തന്നെ അവർക്കിടയിലെ ബന്ധം ആഴത്തിൽ വളരുന്നു. എല്ലാറ്റിനുമൊടുവിൽ കുറ്റബോധത്താൽ വലയുന്ന നായിക അവസാനമായി ഒരു കുമ്പസാരത്തിന് ചെല്ലുന്നിടത്ത് ഒരു ചെറിയ വഴിത്തിരിവ് കഥയിൽ സംഭവിക്കുന്നുണ്ട്.
സംവിധായകനായ Robby Ertanto തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയത്.ഇൻഡോനേഷ്യൻ നായിക Maudy Koesnaedi ആണ് മറിയയെ അവതരിപ്പിച്ചിരിക്കുന്നത്.2018 ഹാനോയ് അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ആവേ മറിയം, Jogja-NETPAC ഏഷ്യൻ ചലച്ചിത്ര മേളയിലും പ്രദർശിപ്പിച്ചു. ശേഷം 2019 ഏപ്രിൽ 11 നാണ് ചിത്രം കാണിക്കൾക്കായി തീയേറ്ററിൽ റിലീസ് ചെയ്യുന്നത്. യഥാസ്ഥിതികതയെ വെല്ലുവിളിച്ചുകൊണ്ട് പുറത്തിറങ്ങിയ ചിത്രം വിവിധ അന്തരാഷ്ട്ര ചലച്ചിത്ര മേളകളിൽ നിന്നായി മൂന്ന് പുരസ്‌കാരങ്ങൾ നേടുകയും എട്ട് സ്ഥാനങ്ങളിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.
കഥാതന്തു ഒറ്റനോട്ടത്തിൽ കേട്ടു പഴകിയതായി ഏതൊരാൾക്കും തോന്നാം, എന്നാൽ അതിന്റെ ആവിഷ്കാര രീതി തീർത്തും പുതുമയുള്ളതാണ്. ആദ്യാവസാനം, കഥയോടിഴുകിച്ചേർത്ത് കാഴ്ചക്കാരന്റെ മനസ്സിനെ കൊണ്ടുപോകാനൊരിടം അതിന്റെ സൃഷ്ടാവ് ഒഴിച്ചിടുന്നുണ്ട്. ശ്രവണേന്ദ്രിയങ്ങളെ മയക്കുന്ന പതിഞ്ഞ പശ്ചാത്തലസംഗീതം ചിത്രത്തെ ഒന്നുകൂടി ആസ്വാദ്യകരമാക്കുന്നുണ്ട്. മികച്ച മറ്റൊരു നാവ്യാനുഭവം മൂവി മിറർ നിങ്ങൾക്കായി ഒരുക്കുകയാണ് ആവേ മറിയത്തിലൂടെ.