ഭാഷ | ജാപ്പനീസ് |
സംവിധാനം | Haro Aso |
പരിഭാഷ | ടീം മൂവിമിറർ |
ജോണർ | ആക്ഷൻ/മിസ്റ്ററി |
അങ്ങ് ദൂരെ, ജപ്പാനിലാണ് ഈ കഥ നടക്കുന്നത്. ഒരു പണിയുമില്ലാതെ ബോറടിച്ചിരുന്ന അയാൾ വെറുതേ ഒന്ന് പുറത്തേക്കിറങ്ങി. സുഹൃത്തുക്കളോടൊപ്പം അലഞ്ഞു നടന്ന് ഒരു പ്രത്യേക സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനിലെ ടോയ്‌ലെറ്റിൽ കയറി ഒളിച്ചു. പെട്ടെന്ന് കറണ്ട് പോയി. വെളിച്ചം വന്നിട്ട് തിരിച്ചിറങ്ങി നോക്കുമ്പോൾ അവർക്ക് മുന്നിൽ വിജനമായ വഴികളും ആളൊഴിഞ്ഞ കെട്ടിടങ്ങളും മാത്രം. വിശാലമായ ടോക്യോ മഹാനഗരം നിശ്ചലമായിരുന്നു. ആ നഗരത്തിൽ കണ്ണെത്തുന്ന ദൂരത്തോളം വിജനത മാത്രം. ഇക്കൊല്ലം Netflix വഴി സംപ്രേക്ഷണം തുടങ്ങിയ ആലിസ് ഇൻ ബോർഡർലാൻഡ് എന്ന ടിവി സീരിസ് തുടങ്ങുന്നതിങ്ങനെയാണ്.
മനുഷ്യരാൽ ഉപേക്ഷിക്കപ്പെട്ട ടോക്യോ നഗരത്തിൽ കഥാനായകനും സുഹൃത്തുക്കളും ചേർന്ന് ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഒരു കളിയിൽ ഏർപ്പെടുന്നു. ഓരോ കളിയും പിന്നിട്ട് മുന്നേറുമ്പോൾ കഴിഞ്ഞതിലും കഠിനമായത് അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. കളി പൂർത്തിയാക്കാത്ത പക്ഷം അവരോരുത്തരായി അവിടെ മരിച്ചു വീഴും. ജീവൻ നിലനിർത്താനായി മുന്നിലെത്തുന്ന സമസ്യകളെ അതിജീവിക്കുന്ന മനുഷ്യരെ, ഉദ്വേഗത്തോടെ നോക്കിയിരിക്കാനെ പ്രേക്ഷകന് കഴിയൂ. തുടക്കത്തിൽ ഒരു സാധാരണ തട്ടുപൊളിപ്പൻ സീരീസ് ആയിരിക്കും എന്നുള്ള ധാരണ, ആദ്യ എപ്പിസോഡിൽ തന്നെ സംവിധായകൻ മാറ്റി തരുന്നുണ്ട്. കണ്മുന്നിൽ തന്നെ വളരെ വേഗത്തിൽ കഥയുടെ ഗതി മാറുന്നത് നമുക്ക് കാണാം. അൻപതിലധികം രാജ്യങ്ങളിൽ ഇപ്പോൾ തന്നെ ടോപ് ടെൻ ലിസ്റ്റിൽ ഈ സീരീസ് ഇടം പിടിച്ചു കഴിഞ്ഞു. ജപ്പാൻ, തായ്‌ലൻഡ്, ഹോങ്കോങ്, തായ്‌വാൻ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നമ്പർ വൺ പൊസിഷനിലാണ് ആലിസ് ഇൻ ബോഡർലാൻഡ്. സീരീസ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഈ ദൃശ്യ വിസ്മയം മൂവി മിറർ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.