ഭാഷ | കൊറിയൻ |
സംവിധാനം | കിം കി ഡുക് |
പരിഭാഷ | പ്രവീൺ കുറുപ്പ് |
ജോണർ | ഡ്രാമ |
കിം കി-ഡുക്കിന്റെ മറ്റൊരു മാസ്റ്റർപീസ്. പതിവുപോലെ തന്നെ കാഴ്ച്ചക്കാരന് കാണണം എന്ന ആഗ്രഹം ഉണ്ടാക്കുന്നതും അതേസമയം അലോസരപ്പെടുത്തുന്നതുമായ ഒരു ചിത്രമാണ് 2011-ൽ കിം കി-ഡുക് സ്വയം സംവിധാനം, നിർമ്മാണം, എഡിറ്റിംഗ് എന്നിവയ്ക്ക് പുറമെ ക്യാമറയും കൈകാര്യം ചെയ്ത ആമേൻ എന്ന ചിത്രം. യൂറോപ്യൻ തെരുവുകളുടെ സൗന്ദര്യം ഓരോ ദൃശ്യങ്ങളെയും മനോഹരമാക്കുന്നുണ്ടെങ്കിലും കാഴ്ച്ചക്കാരന് അതാസ്വദിക്കാനുള്ള മനസ്സ് പതിവുപോലെ സംവിധായകൻ കൊടുക്കില്ല എന്നതാണ് രസം. ഗ്യാസ് മാസ്ക് ധരിച്ചൊരു കള്ളൻ തന്നെ വേട്ടയാടുന്നതിനിടയിൽ, തന്റെ നഷ്ടപെട്ട കാമുകനെ തിരഞ്ഞു നടക്കുന്ന ഒരു പെൺകുട്ടിയാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. ആക്കാലത്തെ ക്രിസ്തുമത വിശ്വാസികൾ, തങ്ങളുടെ മതവികാരം വൃണപ്പെടുത്തുന്നു എന്നാരോപിച്ച് ഈ ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. കാഴ്ച്ചക്കാരനെ ഭയപ്പെടുത്തുന്നതിലുപരി പലപ്പോഴും ഒരു കോമിക് ബുക്ക് വായിക്കുമ്പോഴുണ്ടാകുന്ന മിഥ്യാബോധം ചിത്രത്തിലുടനീളം കാഴ്ച്ചക്കാരന് ഉണ്ടാവുന്നുണ്ട്. എന്നാൽ അതിനെയൊക്കെ കവച്ചു വയ്ക്കുന്നതാണ് മുഖ്യ വേഷത്തിലെത്തിയ കിം യെ-നാ എന്ന പുതുമുഖനടിയുടെ ഭാവാഭിനയവും തിരശ്ലീലയിലെ സാന്നിദ്ധ്യവും. 2011 ലെ സാൻ സെബാസ്റ്റ്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ‘ആമേൻ’, മികച്ച ചിത്രത്തിനുള്ള “ഗോൾഡൻ സീഷെൽ” പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെടുകയുണ്ടായി.
ഒരു ചലച്ചിത്ര പ്രേമി കണ്ടിരിക്കേണ്ട മറ്റൊരു കിം കി-ഡുക് ജാലവിദ്യ തന്നെയാണ് ആമേൻ.
ഇനിയുമൊരുപിടി നല്ല ചിത്രങ്ങൾ ചെയ്യാൻ ബാക്കിവച്ച് നമ്മെ വിട്ടുപോയ കിം കി-ഡുക് എന്ന കൊറിയൻ മന്ത്രികന്റെ സ്മരണയ്ക്ക് മുന്നിൽ, ടീം മൂവി മിറർ ഈ പരിഭാഷ സമർപ്പിക്കുന്നു.