ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Derrick Borte |
പരിഭാഷ | വിഷ്ണു സി. നായർ & യു.എ ബക്കർ |
ജോണർ | ആക്ഷൻ/ത്രില്ലെർ |
Derrick Borte സംവിധാനം ചെയ്ത് അക്കാദമി അവാർഡ് ജേതാവായ റസ്സൽ ക്രോ വില്ലൻ ചുവയുള്ള വേഷത്തിലെത്തിയ ചിത്രമാണ് അൺഹിഞ്ച്ഡ്. ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പൂർണതയ്ക്കായി റസ്സൽ ക്രോ തന്റെ ശരീരഭാരം വർധിപ്പിച്ചത് മുതൽ തന്നെ ചിത്രം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. തന്റെ ജീവിതത്തിലെ വെറുക്കപ്പെട്ട ദിവസം, താനനുഭവിച്ച മാനസികസംഘർഷം, അത് മറ്റൊരാൾ അനുഭവിക്കണം എന്ന് മാനസിക നില തെറ്റി നിൽക്കുന്ന ഒരാൾക്ക് ഒരു വാശി തോന്നിയാലോ? അതാണ് അൺഹിഞ്ച്ഡ് എന്ന ചിത്രം പറയുന്നത്. തന്റെ ഭാര്യയുടെ അവിഹിതം കയ്യോടെ പിടിച്ച കേന്ദ്ര കഥാപാത്രം അവരോടുള്ള പ്രതികാരത്തിന് ശേഷം തന്റെ ട്രക്കുമായി റോഡിലേക്കിറങ്ങുന്നു. അയാളാരാണെന്നും അയാളുടെ അവസ്ഥ എന്താണെന്നും മനസ്സിലാക്കാതെ ഒരു പാവം സ്ത്രീയും അവരുടെ മകനും മനഃപൂർവമല്ലാത്ത ചില കാരണങ്ങളാൽ അയാളുടെ കോപത്തിനിരകളാകുന്നു. അവിടെ നിന്ന് പിന്നെ നമ്മൾ കാണുന്നത് ഇരയും വേട്ടക്കാരനും തമ്മിലുള്ള ഓട്ടപ്പന്തയമാണ്. ജീവനെടുക്കാനും ജീവൻ രക്ഷിക്കാനുമുള്ള നെട്ടോട്ടം. ക്ലീഷേ ആയി പോകേണ്ടിയിരുന്ന ഒരു ഭാഗം വളരെ ഭംഗിയായി ഒതുക്കത്തോടെ തുടക്കത്തിൽ സംവിധായകൻ അവതരിപ്പിക്കുന്നുണ്ട്.
റോഡ് നിയമങ്ങൾ കാറ്റിൽ പറത്തി വാഹനമോടിക്കുന്നതും തന്മൂലം ഉണ്ടായേക്കാവുന്ന പിഴവുകളിൽ ഒന്നും അതിന്റെ പ്രത്യാഘാതവും ആണ് ചിത്രത്രത്തിന്റെ ഇതിവൃത്തം. കോവിഡ്-19 വ്യാപനത്തേതുടർന്ന് 5 മാസം അടച്ചിട്ട അമേരിക്കയിലെ തീയേറ്ററുകൾ തുറന്ന ശേഷം ആദ്യമായി വലിയ അളവിൽ ഏതാണ്ട് 1800-ൽ അധികം സ്ക്രീനുകളിലായി 2020 ഓഗസ്റ്റിൽ റിലീസ് ചെയ്ത ചിത്രമാണ് അൺഹിഞ്ച്ഡ്. 3.3 കോടി ഡോളർ ബഡ്ജറ്റ് ഇട്ട ചിത്രം ഇതിനോടകം 4.1 കോടി ഡോളർ കളക്ഷൻ നേടിക്കഴിഞ്ഞു. തുടക്കം മുതൽ ഒടുക്കം വരെ ആകാംഷയുടെ മുൾമുനയിൽ ഇരുന്നുകൊണ്ട് ശ്വാസം അടക്കി കാണേണ്ട ഒരു ചിത്രം തന്നെയാണ് അൺഹിഞ്ച്ഡ്.