ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Mary Harron |
പരിഭാഷ | യൂ എ ബക്കർ പട്ടാമ്പി |
ജോണർ | ഡാർക്ക് കോമഡി/സൈക്കോളജിക്കൽ ത്രില്ലർ |
ബ്രെറ്റ് ഈസ്റ്റൺ എല്ലിസിന്റെ 1991ൽ പുറത്തിറങ്ങിയ ഒരു നോവലിനെ ആസ്പദമാക്കി തയ്യാറാക്കിയ തിരക്കഥയുമായി കനേഡിയൻ സംവിധായക മേരി ഹരോൺ സാക്ഷാൽ ലിയനാർഡോ ഡി കാപ്രിയോയെ സമീപിക്കുന്നു. നന്മ ഏഴയലത്ത് കടന്നു ചെല്ലാത്ത ഒട്ടും പോസിറ്റീവ് അല്ലാത്ത ഈ നായക കഥാപാത്രം ചെയ്യാൻ അദ്ദേഹം വിസമ്മതിച്ചു. അന്ന് വലിയ താരമല്ലാത്ത, കൂടുതലും സഹനായക വേഷങ്ങൾ കൈകാര്യം ചെയ്തിരുന്ന ഒരു ചെറുപ്പക്കാരൻ പലരുടെയും എതിർപ്പ് മറികടന്ന് ആ വേഷം ഏറ്റെടുക്കുന്നു. ആ തീരുമാനം അയാളെ സൂപ്പർതാര പദവിയിലേക്കും, ലോകശ്രദ്ധ ആകർഷിച്ച പല കഥാപാത്രങ്ങളിലേക്കും നയിക്കുകയുണ്ടായി. ഇരട്ട മുഖങ്ങളുള്ള, അസാധ്യ ആഴമുള്ള കഥാപാത്രത്തെ പകർന്നാടിയ ആ ചെറുപ്പക്കാരനാണ് സാക്ഷാൽ ക്രിസ്ത്യൻ ബെയ്ൽ. ആ സിനിമയാണ് ഇന്നും കടുത്ത ഫാൻ ഫോളോവിങ്ങുള്ള അമേരിക്കൻ സൈക്കോ.
പാട്രിക് ബാറ്റ്മാൻ എന്ന ധനികനും, ചെറുപ്പക്കാരനും, സുന്ദരനുമായ ഒരു ബിസിനസ് എക്സിക്യൂട്ടീവ് ആണ് കക്ഷി. വ്യായാമം, ടിവി, സംഗീതം ഇതാണ് അയാളുടെ ഹോബികൾ. അയാളുടെ ആകെയുള്ള ചര്യകൾ എന്ന് പറയുന്നത്, കോടീശ്വരന്മാരുമൊത്തുള്ള ലഞ്ചും, ഡിന്നറും, ഡ്രഗ്സും, സുഹൃത്തുക്കൾക്കൊപ്പം നൈറ്റ്ക്ലബ്ബുകളിൽ കയറിയിറങ്ങലും, സൂപ്പർ മോഡലുകളുമായി ലൈംഗിക ക്രീഡകളിൽ ഏർപ്പെടലും ഒക്കെയാണ്. ഈ പതിവുകൾ ഇങ്ങനെ ആവർത്തിച്ചു കൊണ്ടേയിരിക്കും. പ്രത്യക്ഷത്തിൽ അയാൾ വിരസനുമാണ്.
കടുത്ത അസൂയയും, വിദ്വോഷവും, കുശുമ്പുമൊക്കെ ഉള്ളിലുള്ള അയാൾ അതെല്ലാം തീർക്കുന്നത് മൃഗീയമായ ലൈംഗികതയിലൂടെയും, പൈശാചികമായ കൊലപാതകങ്ങളിലൂടെയുമാണ്. സംഗീതത്തെ കുറിച്ചും, ജീവിത തത്ത്വങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുമ്പോൾ മനസ്സ് നഷ്‌ടപ്പെടുന്ന അയാൾ വിനോദത്തിനായി ആളുകളെ കൊല്ലാൻ ശ്രമിക്കുന്ന അല്ലെങ്കിൽ കൊല്ലുന്ന ഒരു പ്രത്യേക മനസ്സിന്റെ ഉടമകൂടിയാണ്. രാത്രികളിൽ രക്തദാഹം കൂടിക്കൊണ്ടിരിക്കുന്ന അതിക്രൂരനായൊരു സൈക്കോ കൂടിയായ അയാൾ ക്രമേണ ഫാന്റസിയും യാഥാർത്ഥ്യവും തിരിച്ചറിയാനാവാത്ത ഒരു മാനസികാവസ്ഥയിൽ എത്തപ്പെടുന്നുണ്ട്.
അവസാനം വല്ലാത്തൊരു കുറ്റബോധം അയാളെ കിഴടക്കുമ്പോൾ സമൂഹം അത് അംഗീകരിക്കാനോ ഏറ്റുപറച്ചിലുകൾ കേൾക്കാനോപോലും തയ്യാറാവാത്ത ഒരു അവസ്ഥക്ക് മുന്നിൽ പകച്ചുപോകുന്നുണ്ട് അയാൾ. ഒരു പാട്രിക് നമുക്കുള്ളിലെല്ലാം ഉണ്ട്, ഹിംസാത്മതയുടെ ആഴത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാമെങ്കിലും നമുക്കുള്ളിലെല്ലാം അങ്ങനെയൊരു ചെകുത്താൻ ഉറക്കം നടിച്ചു കിടക്കുന്നുണ്ട്. ലൈംഗികതയും, വയലൻസ് രംഗങ്ങളും ധാരാളമുള്ള ചിത്രമാണ്. പ്രായപരിധി എല്ലാവരും കൃത്യമായി പാലിക്കുമല്ലോ.